സ്ത്രീ ശക്തിയാണ് പ്രചോദനം -മോദി
text_fieldsഷിയോപുർ (മധ്യപ്രദേശ്): ലക്ഷക്കണക്കിന് അമ്മമാരുടെ അനുഗ്രഹം താൻ ആസ്വദിക്കുന്നുവെന്നും സ്ത്രീ ശക്തിയാണ് പ്രചോദനമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നമീബിയയിൽ നിന്ന് വിമാനമാർഗം എത്തിച്ച ചീറ്റപ്പുലികളെ കുനോ ദേശീയ പാർക്കിലെ പ്രത്യേക വളപ്പിൽ വിട്ടയച്ച ശേഷം നടന്ന സ്വാശ്രയ സംഘങ്ങളുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മോദി. സാധാരണ എന്റെ ജന്മദിനത്തിൽ അമ്മയെ കണ്ട് അനുഗ്രഹം തേടലാണ് പതിവ്. ഇക്കുറി മധ്യപ്രദേശിലെ ഒട്ടനവധി അമ്മമാർ എന്നെ അനുഗ്രഹിച്ചു' -ജന്മദിനം ആഘോഷിക്കുന്ന മോദി സ്ത്രീ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. സ്ത്രീകളുടെ അനുഗ്രഹമറിഞ്ഞ് അമ്മ ഏറെ സന്തോഷിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തദാന യജ്ഞത്തിന് തുടക്കം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് 15 ദിവസത്തെ രക്തദാന യജ്ഞത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ തുടക്കമായി. രാജ്യവ്യാപകമായി നടത്തുന്ന രക്തദാൻ അമൃത് മഹോത്സവിന്റെ ഭാഗമായി രക്തം ദാനം ചെയ്യാൻ എല്ലാ പൗരന്മാരോടും മന്ത്രി അഭ്യർഥിച്ചു. രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം വളർത്തുന്നതിനൊപ്പം ഒരുദിവസം ഒരു ലക്ഷം യൂനിറ്റ് രക്തം ശേഖരിക്കലാണ് ലക്ഷ്യം. രാജ്യത്തുടനീളം 5,922 ക്യാമ്പുകൾക്ക് അംഗീകാരം നൽകി. 94,833 ദാതാക്കൾ രജിസ്റ്റർ ചെയ്തു.
ഇതിനകം 20,692 പേർ രക്തം ദാനം ചെയ്തതായി ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ദേശീയ സന്നദ്ധ രക്തദാന ദിനമായ ഒക്ടോബർ ഒന്നുവരെ രക്തം ദാനം ചെയ്യാൻ ആരോഗ്യസേതു ആപ്പിലോ ഇ-രക്ത്കോഷ് പോർട്ടലിലോ രജിസ്റ്റർ ചെയ്യാം.
പ്രധാനമന്ത്രിയുടെ സമ്മാനങ്ങളുടെ ലേലം തുടങ്ങി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിവിധയിടങ്ങളിൽനിന്ന് ലഭിച്ച സമ്മാനങ്ങളുടെ ഓൺലൈൻ ലേലത്തിന് മോദിയുടെ ജന്മദിനമായ ശനിയാഴ്ച തുടക്കം. www.pmmementos.gov.in എന്ന വെബ്പോർട്ടൽ വഴിയാണ് ലേലം. ശിവഗിരി മഠം സമ്മാനിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ ഉൾപ്പെടെയാണ് ലേലം ചെയ്യുന്നത്. ലേലത്തിൽനിന്നുള്ള തുക ഗംഗാനദിയുടെ പുനരുജ്ജീവനത്തിനുള്ള 'നമാമി ഗംഗ' പദ്ധതിയിലേക്ക് നൽകും. 2.4 കോടി രൂപ മൂല്യമുള്ള വസ്തുക്കളാണ് ലേലം ചെയ്യുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മാതൃകകൾ, ഗണപതി വിഗ്രഹം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 28 അടി ഉയരമുള്ള പ്രതിമ, വിവിധ ഇന്ത്യൻ കായിക താരങ്ങൾ സമ്മാനിച്ച ഉപഹാരങ്ങൾ, അംഗവസ്ത്രങ്ങൾ, വാളുകൾ തുടങ്ങിയവയും ലേലം ചെയ്യും. മുൻവർഷങ്ങളിലും മോദി സമ്മാനങ്ങൾ ലേലം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.