അപൂർവ അണുബാധ: ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് അപൂർവ അണുബാധ ബാധിച്ച യുവാവ് മരിച്ചു. മധ്യമാംഗ്രാം സ്വദേശിയായ മൃൻമോയ് റായ് ആണ് മരിച്ചത്. ശരീരത്തിലെ കോശങ്ങളെ ബാധിക്കുന്ന നെക്രോടൈസിങ് ഫാസിയൈറ്റിസ് എന്ന അപൂർവ രോഗമാണ് മരണത്തിലേക്ക് നയിച്ചത്.
ദിവസങ്ങൾക്ക് മുമ്പാണ് മൃൻമോയ് റായ് മുമ്പ് ട്രെയിനിൽനിന്ന് വീണത്. വീഴ്ചയിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറി ഇടുപ്പിന് ആഴത്തിൽ പരിക്കേറ്റു. തുടർന്ന് ഇദ്ദേഹത്തെ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യനില വഷളായതിനെതുടർന്ന് ഒക്ടോബർ 23ന് ആർ.ജി.കെ.എം.സി.എച്ച് ട്രോമ കെയർ യൂനിറ്റിലേക്ക് മാറ്റുകയായിരുന്നു.
പരിശോധനയിൽ നെക്രോടൈസിങ് ഫാസിയൈറ്റിസ് രോഗം സ്ഥിരീകരിക്കുകയായിരുന്നു. മുറിവിലൂടെയാണ് ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിച്ചതെന്ന് സംശയിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു. അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകൾ 'മാംസ ഭോജി' ബാക്ടീരിയകൾ എന്നാണ് അറിയപ്പെടുന്നത്. ആശുപത്രിയിലെത്തിക്കുമ്പോൾ യുവാവിന്‍റെ ആന്തരികാവായവങ്ങളുടെ പ്രവർത്തനത്തെ ബാക്ടീരിയ സാരമായി ബാധിച്ചിരുന്നെന്നും മദ്യപാനിയായതിനാൽ ഇദ്ദേഹത്തിന് രോഗ പ്രതിരോധ ശേഷിയുണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
അപൂർവമായി മാത്രം കണ്ടുവരുന്ന അണുബാധയാണിത്. ശരീരത്തിൽ പ്രവേശിച്ചാൽ ബാക്ടീരിയകൾ ആദ്യം രക്തക്കുഴലുകളെ ബാധിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാക്കി കോശങ്ങളിലേക്കുള്ള രക്തത്തിന്‍റെ വിതരണം തടസ്സപ്പെടുകയും ചെയ്യും. ഇത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. രോഗനിർണയം നടത്തി വേഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ അണുബാധ അതിവേഗം പടരുകയും രോഗിയുടെ മരണത്തിന് കാരണമാകുകയും ചെയ്യുമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.