നിരവധി വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർ വലഞ്ഞു
text_fieldsന്യൂഡൽഹി: രണ്ടു മാസത്തിനുശേഷം ആഭ്യന്തര വിമാന സർവിസുകൾ തുടങ്ങിയപ്പോൾ യാത്രക്കാർക്ക് ദുരിത ദിനം. ടിക്കറ്റെടുത്ത് മണിക്കൂറുകൾക്കു മുേമ്പ എത്തിയ യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ വലഞ്ഞു. സംസ്ഥാന സർക്കാറുകളുടെ എതിർപ്പുമൂലം അങ്ങോട്ടു പറക്കാൻ കഴിയാതെ തിങ്കളാഴ്ച റദ്ദാക്കിയത് നിരവധി വിമാനങ്ങൾ.
ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു കൊൽക്കത്ത തുടങ്ങി നിരവധി വിമാനത്താവളങ്ങളിലാണ് യാത്രക്കാർ മണിക്കൂറുകൾ കുടുങ്ങിയത്. വിമാനം റദ്ദാക്കുന്ന കാര്യം മുൻകൂട്ടി കമ്പനികൾ അറിയിക്കാതിരുന്നതിനാൽ വിമാനത്താവളങ്ങളിൽ എത്തിയശേഷം പലർക്കും നിരാശരായി മടങ്ങേണ്ടി വന്നു. ഇതിനെല്ലാമൊടുവിൽ എതിർപ്പുകൾ പറഞ്ഞവസാനിപ്പിച്ച സംസ്ഥാനങ്ങളിലേക്ക് മാത്രമായി വിമാനങ്ങൾ പറന്നു. കോവിഡ് രോഗബാധ കൂടുതലുള്ള മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ നഗരങ്ങളിൽനിന്ന് വിമാനങ്ങൾ എത്തുന്നതിനോട് തമിഴ്നാട് അടക്കം പല സംസ്ഥാന സർക്കാറുകളും എതിർപ്പു പ്രകടിപ്പിച്ചിരുന്നു. നേരത്തേ സമ്മതിച്ചിടത്തോളം വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് നിരവധി സംസ്ഥാനങ്ങൾ അറിയിച്ചു. തയാറെടുപ്പുകളില്ലാത്തതാണ് കാരണം. 25 വിമാനങ്ങൾ വരാനും പോകാനുമുള്ള അനുമതിയാണ് മഹാരാഷ്്ട്ര ഒടുവിൽ നൽകിയത്.
വെബ് ചെക് ഇൻ അടക്കമുള്ള സംവിധാനങ്ങളോടെയാണ് ആദ്യദിനം തുടങ്ങിയതെങ്കിലും കർക്കശ പരിശോധനകൾമൂലം നീണ്ട ക്യൂ ദൃശ്യമായിരുന്നു. അതെല്ലാം കഴിഞ്ഞ് അകത്തു കയറിയപ്പോഴാണ് വിമാനം റദ്ദാക്കിയ കാര്യം പല യാത്രക്കാരും അറിഞ്ഞത്. ഡൽഹിയിൽനിന്നുള്ള 82 ൈഫ്ലറ്റുകളാണ് റദ്ദാക്കിയത്. ആശയക്കുഴപ്പം മണിക്കൂറുകൾ നീണ്ടപ്പോൾ പല വിമാനങ്ങളും റദ്ദാക്കേണ്ടിവരുകയായിരുന്നു.
പുലർച്ച 4.45ന് പുണെയിലേക്കുള്ളതായിരുന്നു ഡൽഹിയിൽനിന്നുള്ള ആദ്യവിമാനം. മുംബൈയിൽനിന്ന് 6.45ന് പട്നയിലേക്ക് ആദ്യ സർവിസ് നിശ്ചയിച്ചിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും വിമാനങ്ങൾ മുടങ്ങി. അഗർതല, സിൽചർ, ദിമാപൂർ, ഐസോൾ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.