ബോര്‍ഡിങ്ങിന് ശേഷം വിമാനം വൈകിയാൽ ഇനി കാത്തിരിക്കേണ്ട; പുറത്തിറങ്ങാനുള്ള വഴി തുറന്ന് ബി.സി.എ.എസ്
text_fieldsന്യൂഡൽഹി: ബോർഡിങ്ങിന് ശേഷം വിമാനം പുറപ്പെടാൻ ദീർഘനേരം വൈകിയാൽ എയർപോർട്ട് ഡിപ്പാർച്ചർ ഗേറ്റിലൂടെ യാത്രക്കാർക്ക് പുറത്തിറങ്ങാൻ അനുവദിക്കുന്ന പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഏവിയേഷൻ സുരക്ഷ പരിശോധനയുടെ ചുമതലയുള്ള ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്). ബോർഡിങ്ങിന് ശേഷം മണിക്കൂറുകളോളം വിമാനത്തിലിരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് ആശ്വാസമായാണ് ബി.സി.എ.എസ് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്.
തിരക്കും ഫ്ലൈറ്റ് കാലതാമസവും വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം. മാർച്ച് 30 ന് എയർലൈനുകൾക്കും എയർപോർട്ട് ഓപറേറ്റർമാർക്കും മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇപ്പോൾ ഇത് പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും ബി.സി.എ.എസ് ഡയറക്ടർ ജനറൽ സുൽഫിഖർ ഹസൻ പറഞ്ഞു.
ബോർഡിങ്ങിന് ശേഷം ദീർഘനേരം വിമാനം വൈകുകയോ മറ്റ് അടിയന്തിര സാഹചര്യങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ബന്ധപ്പെട്ട വിമാനത്താവളത്തിന്‍റെ ഡിപ്പാർച്ചർ ഗേറ്റ് വഴി യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കും. മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതിനായി സ്‌ക്രീനിങ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി എയർപോർട്ട് ഓപറേറ്റർമാർ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരി 17ന് വിമാനം വൈകിയതിനെ തുടർന്ന് എയർപോർട്ടിലെ റൺവേയിലിരുന്ന് യാത്രക്കാർ ഭക്ഷണം കഴിച്ച സംഭവത്തിൽ ഇൻഡിഗോക്കും മുംബൈ എയർപോർട്ട് ഓപറേറ്ററായ എം.ഐ.എ.എല്ലിനും ബി.സി.എ.എസ് മൊത്തം 1.80 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇൻഡിഗോക്ക് 1.20 കോടിയും എം.ഐ.എ.എല്ലിന് 60 ലക്ഷം രൂപയുമായിരുന്നു പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.