മുംബൈയിൽ കനത്ത മഴ തുടരുന്നു
text_fieldsമുംബൈ: കനത്ത മഴ ഞായറാഴ്ചയും തുടർന്നതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലും താണെ, പാൽഗ ർ, റായിഗഢ് എന്നിവിടങ്ങളിലും വെള്ളം കയറി ജനജീവിതം സ്തംഭിച്ചു. താണെയിലും വസായിലും വെള്ളപ്പൊക്കത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയവരെ വ്യോമ, നാവിക സേനകളും ദേശീയ ദുരന്തനിവാരണ സേനയും ചേർന്ന് രക്ഷപ്പെടുത്തി.
താണെ ജില്ലയിലെ ജുഹുഗാവ് ഗ്രാമത്തിൽ അകപ്പെട്ട നാൽപതോളം പേരെ വ്യോമസേന രണ്ട് ഹെലികോപ്ടറുകളിലായാണ് രക്ഷപ്പെടുത്തിയത്. വസായിലെ മോറി ഗ്രാമത്തിൽ അകപ്പെട്ട 40 പേരെ ബോട്ടുകളിൽ ദേശീയ ദുരന്തനിവാരണ സേനയും രക്ഷപ്പെടുത്തി. നഗരത്തിൽ, മിത്തി നദിയിലെ ജലനിരപ്പ് അപായ സൂചിക കടന്നതോടെ പരിസര പ്രദേശങ്ങളിലെ 400ഓളം പേരെ മാറ്റിപ്പാർപ്പിച്ചു.
പനവേലിന് അടുത്ത് മണ്ണിടിച്ചിലുണ്ടാവുകയും പാളങ്ങളിൽ വെള്ളംകയറുകയും ചെയ്തതിനെ തുടർന്ന് കൊങ്കൺ വഴി കേരളത്തിലേക്കുള്ള ദീർഘദൂര ട്രെയിനുകളെയും മഴ ബാധിച്ചു.
ഞായറാഴ്ച ഉച്ചക്ക് 11.40ന് കേരളത്തിലേക്ക് പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് വൈകീട്ടും പുറപ്പെട്ടിട്ടില്ല. പുണെയിൽനിന്നുളള എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ശനിയാഴ്ച ഡൽഹിയിൽനിന്ന് പുറപ്പെട്ട മംഗള എക്സ്പ്രസും നിസാമുദ്ദീൻ-എറണാകുളം തുരേന്താ എക്സ്പ്രസും വഴിതിരിച്ചുവിട്ടു.
കുർളയിൽ ട്രാക്കുകളിൽ വെള്ളം കയറിയതോടെ നവി മുംബൈ, താണെ, കല്യാൺ ഭാഗങ്ങളിലേക്ക് മുംബൈയിൽനിന്നുള്ള സബർബൻ ട്രെയിൻ ഗതാഗതം ഭാഗികമായി നിലച്ചു. മുംബൈയിൽ ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
ആറോളം വിമാനങ്ങൾക്ക് സമയമെടുത്താണ് ലാൻഡിങ് സാധ്യമായത്. എന്നാൽ, സർവിസുകൾ ഒന്നും റദ്ദാക്കിയിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയാണ് ശക്തമായി തുടരുന്നത്. തിങ്കളാഴ്ച രാവിലെ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം.
അഞ്ച് ട്രെയിനുകൾ റദ്ദാക്കി; പലതും വഴിതിരിച്ചുവിടും
തിരുവനന്തപുരം: മുംബെയിൽ കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ റദ്ദാക്കലും വഴി തിരിച്ചുവിടലുമടക്കം നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. അഞ്ച് ട്രെയിനുകൾ പൂർണമായും രണ്ട് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. അഞ്ച് ട്രെയിനുകളാണ് വഴിതിരിച്ചുവിടുന്നത്.
തിങ്കളാഴ്ച പുറപ്പെടേണ്ട നാഗർകോവിൽ- മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് (16340), തിരുവനന്തപുരം - ലോകമാന്യതിലക് എക്സ്പ്രസ് (16346), കന്യാകുമാരി - മുംബൈ സി.എസ്.എം.ടി എക്സ്പ്രസ് (16382), കൊച്ചുവേളി-ലോകമാന്യതിലക് സൂപ്പർ ഫാസ്റ്റ് (22114) എന്നിവയാണ് പൂർണമായും റദ്ദാക്കിയത്. ഞായറാഴ്ച പുറപ്പെടേണ്ട എറണാകുളം- ലോകമാന്യതിലക് തുരന്തോ എക്സ്പ്രസും (12224) റദ്ദാക്കിയിരുന്നു. ഞായറാഴ്ച പുറപ്പെട്ട തിരുവനന്തപുരം - ലോകമാന്യതിലക് എക്സ്പ്രസ് ( 16346 ) ഷൊർണൂരിൽ യാത്രയവസാനിപ്പിക്കും. കൊച്ചുവേളിയിൽനിന്ന് ഞായറാഴ്ച യാത്ര തുടങ്ങിയ കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് (12202) കണ്ണൂരിലും സർവിസ് അവസാനിപ്പിക്കും.
തിങ്കളാഴ്ച രാവിലെ 7.45ന് പുറപ്പെടുന്ന തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് (19577), 9.15ന് പുറപ്പെടുന്ന കൊച്ചുവേളി- ചണ്ഡിഗഢ് സൂപ്പർ ഫാസ്റ്റ് (12217) എന്നിവയും ഞായറാഴ്ച പുറപ്പെട്ട കൊച്ചുവേളി-പോർബന്ദർ എക്സ്പ്രസ് (19261), എറണാകുളം- അജ്മീർ മരുസാഗർ എക്സ്പ്രസ് (12977) എന്നിവയും തൃശൂർ -പാലക്കാട് -സേലം വഴി തിരിച്ചുവിടും.
ഞായറാഴ്ച പുറപ്പെട്ട-ഹസ്രത്ത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) കാസർകോട് വരെ പോയ ശേഷം മടങ്ങി ഷൊർണൂരിലെത്തുകയും പാലക്കാട് -സേലം വഴി യാത്ര തുടരുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.