കനത്തമഴ: കശ്മീരിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്; അമർനാഥ് യാത്രക്ക് നിരോധനം
text_fieldsജമ്മു: ജമ്മുകശ്മീരിൽ കനത്ത മഴ തുടരുന്നതിനിടെ അമർനാഥ് തീർഥാടന യാത്രക്ക് നിരോധനമേർപ്പെടുത്തി. മഴയിൽ ഒന്നിലേറെ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് നിരോധനം. കാലാവസ്ഥ മോശമായതിനെ തുടർന്ന് ബാൽതാൽ റൂട്ട് വഴിയുള്ള അമർനാഥ് യാത്രക്കും കഴിഞ്ഞ ദിവസം നിരോധനമേർപ്പെടുത്തിയിരുന്നു.
അമർനാഥ് യാത്രക്കുള്ള രണ്ട് ബേസ് ക്യാമ്പുകളിലൊന്നായ പഹൽഗാമിൽ 27.8 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ദിവസം എല്ലാ തീർഥാടകരും രണ്ടു ബേസ് ക്യാമ്പുകളിലും സുരക്ഷിതമായി എത്തിച്ചേർന്നതായി അധികൃതർ അറിയിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ഝലം നദിയിലെ ജലനിരപ്പ് 21 അടിയിലും മുകളിലേക്ക് അപകടകരമാം വിധം ഉയർന്നിരിക്കുകയാണ്. ഝലം നദിയുടെ അരികെയും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും കഴിയുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതിവേഗം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്. 2014ലേതു പോലുള്ള വെള്ളപ്പൊക്കം ഇത്തവണയും ഉണ്ടായേക്കാമെന്ന ഭയത്തിലാണ് ജനം. 2014ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടാവുകയും 300ഒാളം പേർ മരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.