പ്രളയ സഹായം: വിമർശന സ്വരത്തിൽ ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: പ്രളയ പുനരധിവാസ പ്രവർത്തനങ്ങളുടെ കാര്യത്തിൽ കേരളത്തോട് വിമർശനസ്വരത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി. കേരളം ആവശ്യങ്ങളും ആവലാതികളും വ്യവസ്ഥാപിത മാർഗങ്ങളിൽ മുന്നോട്ടുവെക്കണം. അതു കിട്ടുന്ന മുറക്ക് അനുഭാവപൂർവം പരിഗണിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു.
വിപണിയിൽനിന്ന് കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന ആവശ്യമുണ്ട്. കൂടുതൽ കേന്ദ്രസഹായം കിട്ടണമെന്ന ആവശ്യമുണ്ട്. ഇത്തരം ആവശ്യങ്ങൾ വാർത്തസമ്മേളനങ്ങളിൽ ഉന്നയിക്കുന്നതിനു പകരം, ശരിയായ മാർഗത്തിൽ കേന്ദ്രത്തിനു മുമ്പാകെ കേരള സർക്കാർ വെക്കേണ്ടതുണ്ടെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ രീതി അങ്ങനെയാണ്.
കേരളത്തോട് രാഷ്ട്രീയ പരിഗണനകൾവെച്ച് വിവേചനം കാട്ടില്ല. കഴിയുന്നത്ര സഹായിക്കും. 600 കോടി രൂപ അനുവദിച്ചത് അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാണ്. ഇനി കേരളം നിവേദനം നൽകുന്ന മുറക്ക് കേന്ദ്രസംഘത്തെ വീണ്ടും അയക്കും. ആദ്യ കെടുതി വിലയിരുത്താൻ കേന്ദ്രസംഘത്തെ അയച്ചിരുന്നു. രണ്ടാമത്തെ സംഘം നൽകുന്ന റിപ്പോർട്ടിന് അനുസൃതമായി കൂടുതൽ തുക ലഭ്യമാക്കും. എന്നാൽ, അതിന് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്.
നഷ്ടപരിഹാരം സംബന്ധിച്ച അപേക്ഷകളിൽ ഇൻഷുറൻസ് കമ്പനികളോട് വേഗത്തിൽ തീർപ്പുണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയത്തിൽ ആസ്തി നഷ്ടപ്പെട്ടതു പരിഗണിച്ച്, ഉദാരമായ വ്യവസ്ഥയിൽ വായ്പ ലഭ്യമാക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വിവിധ നടപടികൾ ഇതിനകം സ്വീകരിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു. മന്ത്രിസഭ യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.