അസമിലെ വെള്ളപ്പൊക്കം കുറയുന്നു; നാൽപതിനായിരത്തോളം പേർ ദുരിതത്തിൽ തന്നെയെന്ന് അധികൃതർ
text_fieldsദിസ്പൂർ: അസമിലെ വെള്ളപ്പൊക്കം കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. എന്നാൽ അസമിലെ രണ്ട് ജില്ലകളിലായി നാൽപതിനായിരത്തിലധികം പേർ ഇപ്പോഴും ദുരിതബാധിതരാണെന്ന് അധികൃതർ അറിയിച്ചു. കച്ചാർ, മോറിഗാവ് ജില്ലകളിലെ 40,700-ലധികം പേർ ദുരിതത്തിൽ തന്നെയാണെന്ന് അസം ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. ശനിയാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 68,500-ലധികം പേരാണ് ദുരിതബാധിതരായി ഉണ്ടായിരുന്നത്.
നിലവിൽ സംസ്ഥാനത്തെ 137 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 6,029.50 ഹെക്ടർ കൃഷിയിടങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടുണ്ട്. റിപ്പോർട്ടനുസരിച്ച് ധുബ്രി, നൽബാരി, സോനിത്പൂർ, ടിൻസുകിയ, ഉദൽഗുരി ജില്ലകളിലാണ് മണ്ണൊലിപ്പ് കാരണം വന്‍ നാശനഷ്ടങ്ങളുണ്ടായത്. കൂടാതെ വെള്ളപ്പൊക്കത്തിൽ കോക്രജാർ, നാഗോൺ, മോറിഗാവ് എന്നിവിടങ്ങളിലെ കായലുകൾ, റോഡുകൾ, പാലങ്ങൾ, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മുഴുവനായി തകർന്നുവെന്നും എ.എസ്.ഡി.എം.എ അറിയിച്ചു.
അസമിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിലും മണ്ണൊലിപ്പിലും 38 പേർ മരിച്ചിരുന്നു. മൂന്ന് ജില്ലകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകളും അവശ്യ സാധന വിതരണകേന്ദ്രങ്ങളുമാണ് അധികൃതർ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.