എ.കെ.ജി ഭവനിലേക്ക് ‘ഇൻഡ്യ’ നേതാക്കളുടെ ഒഴുക്ക്; സീമാ ചിശ്തിയെ ആശ്വസിപ്പിച്ച് സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: ഇന്ത്യ എന്ന ആശയം നിലനിർത്താൻ വർഗീയ രാഷ്ട്രീയത്തിനെതിരെ മതേതര മുന്നണി രൂപവത്കരിക്കുന്നതിൽ മുന്നിലുണ്ടായിരുന്ന പ്രിയസുഹൃത്തിന് അന്ത്യോപചാരമർപ്പിക്കാൻ ‘ഇൻഡ്യ’ നേതാക്കൾ ഒഴുകിയെത്തി. യെച്ചൂരിയുമായി ഉറ്റസൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി ഭൗതികശരീരം പൊതുദർശനത്തിന് വെച്ച സി.പി.എം കേന്ദ്ര കമ്മിറ്റി ഓഫിസിൽ എത്തി പുഷ്പാർച്ചന നടത്തുകയും ഭാര്യ സീമാ ചിശ്തിയെ ആശ്വസിപ്പിക്കുകയുംചെയ്തു.
വിവിധ ആശയങ്ങൾക്കിടയിലെ പാലമായിരുന്നു യെച്ചൂരിയെന്ന് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അനുസ്മരിച്ചു. പാർലമെന്റിനെ അത്ഭുതപ്പെടുത്തിയ നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് അന്ത്യോപചാരം അർപ്പിക്കാനെത്തിയ രാജ്യസഭ എം.പി കപിൽ സിബൽ പറഞ്ഞു.
ജമാഅത്തെ ഇസ്‍ലാമി ദേശീയ സെക്രട്ടറി എ. റഹ്മത്തുന്നിസ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ് നാഷനൽ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ ഉൾപ്പെടെ നിരവധിപേർ ആദരാഞ്ജലി അർപ്പിക്കാൻ സി.പി.എം പാർട്ടി ആസ്ഥാനത്ത് എത്തി.
കേരളത്തിലെ പാർട്ടി നേതാക്കളുടെ നീണ്ട നിര
ന്യൂഡൽഹി: പ്രിയ സഖാവായ സീതാറാം യെച്ചൂരിയുടെ അന്ത്യയാത്രക്കായി ഡൽഹിയിലെത്തിയത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്പീക്കർ എ.എൻ. ഷംസീറും പാർട്ടി നേതാക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, സജി ചെറിയാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, ആർ. ബിന്ദു, വി. വാസവൻ എന്നിവരാണ് ഡൽഹിയിലെത്തിയ മന്ത്രിമാർ.
കൂടാതെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എം.എ. ബേബി, ഇ.പി. ജയരാജൻ, എ. വിജയരാഘവൻ, എം.വി. ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, എം.പിമാരായ കെ. രാധാകൃഷ്ണൻ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, വി. ശിവദാസൻ, പി.പി. സുനീർ, പി. സന്തോഷ് കുമാർ, പി.വി. അൻവർ എം.എൽ.എ, പി. സതീദേവി, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളും ഡൽഹിയിൽ എത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന് വേണ്ടി മകൻ അരുൺ ആദരാഞ്ജലി അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.