മോദീ, ആ പൂക്കൾ വെറുതെയായി! വഴിമുടക്കിയ റോഡ് ഷോയും വർഗീയ പ്രചരണവും ചവറ്റുകൊട്ടയിൽ തള്ളി കന്നഡിഗർ
text_fieldsബംഗളൂരു: ബംഗളൂരുവിൽ റോഡ് ഷോ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേൽ 50 ടണ്ണിലധികം പൂക്കളാണ് ബി.ജെ.പി വാരിവിതറിയത്. 26 കിലോമീറ്റർ റോഡ് ഷോയ്ക്ക് വേണ്ടി മാത്രമായിരുന്നു ഇത്. കൂടാതെ ഹിജാബ്, സംവരണം, ലൗ ജിഹാദ്, ഹനുമാൻ തുടങ്ങി കണക്കില്ലാത്ത വർഗീയ പ്രചാരണങ്ങളും ജനങ്ങൾക്കിടയിൽ വാരിയെറിഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നഡിഗർ ഇതെല്ലാം ചവറ്റുകൊട്ടയിൽ വലിച്ചെറിഞ്ഞ് കോൺഗ്രസിന്റെ ത്രിവർണ പതാകയെ വാരിപ്പുണർന്നു.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോകളിൽ വാരി വിതറാൻ പൂക്കൾക്ക് ആവശ്യക്കാർ ഏറിയതോടെ വിൽപന കുതിച്ചുയർന്നിരുന്നു. മോദിക്ക് വേണ്ടി 50 ടണ്ണിലധികം പൂക്കളാണ് സംഘാടക സമിതി ഓർഡർ ചെയ്തത്. മഞ്ഞ, കുങ്കുമ നിറത്തിലുള്ള ജമന്തി, ചെണ്ടുമല്ലി പൂക്കൾക്കായിരുന്നു കൂടുതൽ ഓർഡർ. ദേവനഹള്ളി, ആനേക്കൽ, ചിക്കബെല്ലാപുര, കോലാർ എന്നിവിടങ്ങളിലാണ് കൂടുതൽ പൂകൃഷിയുള്ളത്. ഇവിടെ നിന്നാണ് മോദി അടക്കമുള്ളവർക്ക് വേണ്ടി പൂക്കൾ എത്തിച്ചത്.
ബംഗളൂരുവിലെ തിരക്കേറിയ നഗരപാതകൾ മോദിയുടെ റോഡ് ഷോക്ക് വേണ്ടി കൊട്ടിയടച്ചതിനെതിരെ കോൺഗ്രസും പൊതുജനങ്ങളും രംഗത്തെത്തിയിരുന്നു. റാലി നടക്കുന്ന ദിവസം റോഡരികിലെ കെട്ടിടങ്ങളുടെ ടെറസിലും ബാൽക്കണിയിലും ആളുകൾ നിൽക്കുന്നത് പോലും നിരോധിച്ചിരുന്നു. രാവിലെ ആറുമണിമുതൽ റാലി പൂർത്തിയാകുന്നതുവരെ വാഹന ഗതാഗതവും നിരോധിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രധാനമന്ത്രി മോദി റോഡ്‌ഷോ നടത്തിയ റോഡുകൾ തൊട്ടടുത്ത ദിവസം പെയ്ത മഴയിൽ മുട്ടറ്റം വെള്ളത്തിൽ മുങ്ങിയതും ബി.ജെ.പിക്ക് തിരിച്ചചടിയായിരുന്നു. മോദിയുടെ റോഡ്‌ഷോയിൽ വിതറിയ പൂക്കൾക്കായി ചിലവഴിച്ച പണം ഉണ്ടായിരുന്നെങ്കിൽ നഗരത്തിലെ കിലോമീറ്ററുകളോളം ഡ്രെയിനേജ് ശരിയാക്കാൻ കഴിയുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ശ്രീവത്സ പരിഹസിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.