ഫോനി ഒഡിഷ തീരത്ത്; കൂട്ട ഒഴിപ്പിക്കൽ
text_fieldsഭുവനേശ്വർ: അതിതീവ്ര ചുഴലിക്കൊടുങ്കാറ്റ് ഫോനി നാളെ രാവിലെ എട്ടുമണിയോടെ ഒഡിഷ തീ രത്തെത്തും. പുരിക്കു സമീപം ഗോപാൽപൂരിൽ കരതൊടുന്ന ഫോനി ഒഡിഷക്കുപുറമെ പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശിലെ മൂന്നു ജില്ലകൾ എന്നിവിടങ്ങളിലും കനത്തനാശം വിതച്ചേക്കും. മൂന്നിടങ്ങളിലും കാലാവസ്ഥ വകുപ്പ് ‘യെല്ലോ അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. കരുതൽ നടപടികളുടെ ഭാഗമായി ഒഡിഷയിൽ 13 തീരദേശ ജില്ലകളിലെ 11.5 ലക്ഷം പേരെ ഒഴിപ്പിച്ചു. നാടുവിടേണ്ടിവരുന്നവർക്കായി 800ലേറെ പുനരധിവാസ കേന്ദ്രങ്ങൾ തുറന്നു. പട്ന-എറണാകുളം എക്സ്പ്രസ് ഉൾപ്പെടെ 223 ട്രെയിൻ സർവിസുകൾ റദ്ദാക്കി.
വ്യാഴാഴ്ച അർധരാത്രിക്കുശേഷം ഭുവനേശ്വർ വിമാനത്താവളത്തിൽനിന്ന് വിമാനസർവിസുകൾ നിർത്തിവെക്കും.
കൊൽക്കത്ത വിമാനത്താവളം ഇന്നുരാവിലെ സർവിസ് നിർത്തും. തീരേദശത്തെ മറ്റു വിമാനത്താവളങ്ങളും അടച്ചിടാൻ കേന്ദ്ര വിമാനത്താവള അതോറിറ്റി നിർദേശം നൽകി. ഒഡിഷയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ തിരിച്ചെത്തിക്കാൻ മൂന്ന് ട്രെയിനുകൾ അടിയന്തര സർവിസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗംചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ശനിയാഴ്ചവരെ കടലിൽ പോകരുതെന്ന് ഒഡിഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മത്സ്യബന്ധന തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
1999ൽ 10,000 പേരുടെ മരണത്തിനിടയാക്കിയ ചുഴലിക്കൊടുങ്കാറ്റിനെക്കാൾ തീവ്രതയുള്ളതാണ് ഒഡിഷയെ ഭീതിയിലാഴ്ത്തി ആഞ്ഞടിക്കാനൊരുങ്ങുന്നത്. പുരി, ജഗത്സിങ്പൂർ, കേന്ദ്രപാര, ഭദ്രക്, ബാലസോർ, മയൂർഭഞ്ജ്, ഗജപതി, ഗഞ്ജാം, ഖോർദ, കട്ടക് ജില്ലകളിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. മണിക്കൂറിൽ 175 കി.മീറ്റർ വേഗത്തിൽ ആഞ്ഞുവീശുന്ന കാറ്റും തുടർച്ചയായ പേമാരിയും കടൽക്ഷോഭവും ദുരന്തം വിതച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിലെ ശ്രീകാകുളം, ഒഡിഷയിലെ ബ്രഹ്മപുരം എന്നിവിടങ്ങളിൽ വൻ പ്രളയസാധ്യതയും പ്രവചിക്കുന്നുണ്ട്. വിശാഖ പട്ടണം, റായഗഡ, ഫുലാബനി, അൻഗുൽ, ഭുവനേശ്വർ, പാരദ്വീപ് തുടങ്ങിയ മറ്റു ജില്ലകളിലും കനത്ത മഴക്കു പിന്നാലെ പ്രളയുമുണ്ടായേക്കും. ഒഡിഷയിൽ 10,000 ഗ്രാമങ്ങളും 52 പട്ടണങ്ങളും ഫോനി ദുരിതബാധിതമാകുമെന്നാണ് കണക്കുകൂട്ടൽ. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും കര, നാവിക, വ്യോമസേനകൾക്കുപുറമെ ദേശീയ ദുരന്തനിവാരണ സേന, ഒഡിഷ റാപിഡ് ആക്ഷൻ സേന തുടങ്ങിയവ രംഗത്തുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 28 സംഘങ്ങൾ ഒഡിഷയിലും 12 എണ്ണം ആന്ധ്രയിലും ആറെണ്ണം പശ്ചിമ ബംഗാളിലും ഇറങ്ങി. വിശാഖപട്ടണം, ചെന്നൈ തുറമുഖങ്ങളിലും ജാഗ്രത തുടരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.