ഭക്ഷ്യവിഷബാധ: ഇൻഡോറിലെ അനാഥാലയത്തിൽ അഞ്ച് കുട്ടികൾ മരിച്ചു, 30ലേറെ പേർ ആശുപത്രിയിൽ
text_fieldsഭോപ്പാൽ: ഇൻഡോറിലെ യുഗ്പുരുഷ് ധാം ആശ്രമത്തിലെ അനാഥാലയത്തിലെ ഭക്ഷണം കഴിച്ച് അഞ്ച് മരണം. അഞ്ച് മുതൽ 15 വയസ്സ് വരെ പ്രായമുള്ള അഞ്ച് ആൺകുട്ടികളാണ് മരിച്ചത്. ഞായറാഴ്ച മുതൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 30ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. ഭക്ഷ്യവിഷബാധ ഏറ്റതാണെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികളിലൊരാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് അനാഥാലയ മേധാവി അനിത ശർമ്മയ്‌ക്കൊപ്പം ലോക്കൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) ഓം നാരായൺ ബദ്‌കുൽ പൊട്ടിച്ചിരിക്കുന്ന വിഡിയോ വ്യാപക പ്രതിഷേധങ്ങൾക്ക് വഴി വെച്ചു. വിഡിയോ വൈറലായതിനെത്തുടർന്ന് മജിസ്ട്രേറ്റിനെ പദവിയിൽ നിന്ന് മാറ്റി.
ഭക്ഷ്യവിഷബാധ വ്യാപകമായ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. അനാഥാലയത്തിന്‍റെ ഭക്ഷ്യസുരക്ഷാ രീതികളെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ അന്വേഷിക്കാൻ ഇൻഡോറിലെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി രൂപീകരിച്ചു. മുനിസിപ്പൽ കോർപ്പറേഷനുകളുടെ ഒരു ടീമിനൊപ്പം ഡോക്ടർമാരുടെയും ഭക്ഷ്യസുരക്ഷയുടെയും ഒരു സംഘത്തെ അന്വേഷണത്തിന് അയച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പ് സംഭവസ്ഥലത്ത് നിന്ന് സാമ്പിളുകൾ എടുത്തു. പരിശോധനക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.