താജ്മഹലിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; സുരക്ഷാ ഉദ്യോഗസ്ഥനും വിനോദസഞ്ചാരിയും തമ്മിൽ കയ്യാങ്കളി
text_fieldsന്യൂഡൽഹി: താജ്മഹലിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചതിനെ തുടർന്ന് വിനോദസഞ്ചാരിയും സുരക്ഷാ ഉദ്യോഗസ്ഥനും തമ്മിൽ തർക്കം. സി.ഐ.എസ്.എഫ് സബ് ഇൻസ്‌പെക്ടറും ആഗ്രയിലെ താജ്മഹലിലെത്തിയ ഒരു വിനോദസഞ്ചാരിയും തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. നിയന്ത്രണങ്ങളുള്ള മേഖലയിലെ സ്മാരകത്തിന്‍റെ വിഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
ശനിയാഴ്ചയായിരുന്നു സംഭവം. വിഡിയോ നിരോധിച്ച മേഖലയിൽ വിഡിയോ റെക്കോഡ് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് വിനോദസഞ്ചാരിയും ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് സബ് ഇൻസ്‌പെക്ടർ രമേഷ് ചന്ദും തമ്മിൽ കയ്യാങ്കളി ഉണ്ടാവുകയായിരുന്നു. വിഡിയോ ചിത്രീകരിക്കരുതെന്ന മുന്നറിയിപ്പുണ്ടായിട്ടും വിനോദസഞ്ചാരി വിഡിയോ ചിത്രീകരിച്ചു. തുടർന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ മൊബൈൽ പിടിച്ച് വാങ്ങാൻ ശ്രമിച്ചു. ഇത് കയ്യാങ്കളിയിലേക്ക് നയിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വിനോദസഞ്ചാരിയായ യുവാവ് പൊലീസുകാരനെ തള്ളിയിടുന്നതും നിലത്തു വീഴുന്നതുമെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയും എന്നാൽ ഉദ്യോഗസ്ഥൻ സ്വയം പ്രതിരോധിക്കുകയായിരുന്നു. തർക്കം തുടർന്നതോടെ യുവാവിന്റെ സുഹൃത്തായ യുവതി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും സി.ഐ.എസ്.എഫ് കമാൻഡന്‍റ് രാഹുൽ യാദവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.