ജനാർദന റെഡ്ഡിയുടെ പാർട്ടിക്ക് ചിഹ്നം ഫുട്ബാൾ
text_fieldsബംഗളൂരു: ബി.ജെ.പി വിട്ട ഖനി രാജാവ് ജി. ജനാർദന റെഡ്ഡിയുടെ പുതിയ രാഷ്ട്രീയപ്പാർട്ടിയായ കർണാടക രാജ്യ പ്രഗതി പക്ഷയുടെ (കെ.ആർ.പി.പി) ചിഹ്നം ഫുട്ബാൾ. ഇതോടൊപ്പം പ്രകടനപത്രികയും ആദ്യഘട്ട സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ 50 സീറ്റുകളിൽ മത്സരിക്കുമെന്നും കുറഞ്ഞത് 30 സീറ്റുകളിൽ വിജയിക്കുമെന്നും റെഡ്ഡി പറഞ്ഞു.
ബല്ലാരി, കൊപ്പാൾ, ബീദർ, യാദ്ഗിർ, റായ്ച്ചൂർ, കലബുറഗി, വിജയനഗര ജില്ലകളിലാകും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു പാർട്ടിയുമായും സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൊപ്പാൾ ജില്ലയിലെ ഗംഗാവതിയിൽ നിന്നാകും ജനാർദന റെഡ്ഡി മത്സരിക്കുക. ഭാര്യ അരുണ ലക്ഷ്മി ബല്ലാരിയിൽ ജനാർദന റെഡ്ഡിയുടെ സഹോദരൻ സോമശേഖർ റെഡ്ഡിക്കെതിരെയാകും മത്സരിക്കുക.
പ്രകടനപത്രികയിൽ ഓരോ വീട്ടിലും 250 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി. വിദ്യാർഥികൾക്ക് സൗജന്യ പാസ്, പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്ക് സൗജന്യ ഭൂമി, കർഷകർക്ക് പലിശരഹിത വായ്പ, സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം, അംഗൻവാടി ജീവനക്കാരുടെ ശമ്പളത്തിൽ 1000 രൂപ വർധന തുടങ്ങിയ വാഗ്ദാനങ്ങൾ ഉണ്ട്. കർണാടകയിൽ ഓപറേഷൻ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതിൽ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവും മുൻമന്ത്രിയുമാണ് ജനാർദന റെഡ്ഡി.
ഏറെക്കാലമായി ബി.ജെ.പി നേതാക്കളുമായുള്ള ഭിന്നതയെ തുടർന്നാണ് റെഡ്ഡി പാർട്ടി വിട്ടത്. സഹസ്രകോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസിൽ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലു വർഷം ജയിലിലായിരുന്നു. 2015ലാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. പാസ്പോർട്ട് സറണ്ടർ ചെയ്യുക, അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ വ്യവസ്ഥകളിലായിരുന്നു ജാമ്യം.
സ്വന്തം മണ്ഡലമായ ബെള്ളാരിയിൽ പ്രവേശിക്കാനും അനുമതിയില്ല. 2006ലാണ് ഓപറേഷൻ താമരയിലൂടെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിച്ച് കർണാടകയിൽ ആദ്യമായി ബി.ജെ.പി അധികാര സ്ഥാനത്തെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.