'ഏത് മുസ്ലിം കുടുംബത്തിനും ഇത് സംഭവിച്ചേക്കാം'
text_fields''ആകെ തളർന്നതുപോലെയുണ്ട്, എന്തു ചെയ്യണമെന്നോ ആരെ വിളിക്കണമെന്നോ അറിയുന്നില്ല, ഒരു ദുഃസ്വപ്നത്തിലെന്നപോലെ'' -ജൂൺ 12ന് പുലർച്ചെ ഒരു ബന്ധുവിന്റെ ഫോണിലൂടെ സംസാരിക്കവെ അഫ്രീൻ ഫാത്തിമ (24) പറഞ്ഞു. ഈ സംഭാഷണം കഴിഞ്ഞ് 12 മണിക്കൂറിനകം ബി.ജെ.പിയുടെയും അവരുടെ ഓൺലൈൻ പടയുടെയും കടുത്ത വിമർശകയായ, ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ആ ലിംഗ്വിസ്റ്റിക്സ് പി.ജി വിദ്യാർഥിനിയുടെ ദുഃസ്വപ്നം സത്യമായി.
യു.പി പ്രയാഗ്രാജിലെ (അലഹബാദ് നഗരത്തിന്റെ പേര് യോഗി സർക്കാർ പ്രയാഗ് രാജ് എന്നു മാറ്റുകയായിരുന്നു) അവരുടെ വീട് നഗരസഭയുടെ ബുൾഡോസറുകൾ ഇടിച്ചുനിരത്തവെ ഭരണകൂട അനുകൂല ചാനലുകൾ വീടിന്റെ അവശിഷ്ടങ്ങൾ തിരഞ്ഞ് അതിനുള്ളിൽനിന്ന് ലഭിച്ച കൊടികളും പോസ്റ്ററുകളും പ്രദർശിപ്പിച്ചുകൊണ്ടിരുന്നു. ''അനീതി നിയമമാകുമ്പോൾ പ്രക്ഷോഭം ഉത്തരവാദിത്തമായി മാറുന്നു'' എന്ന് വായിച്ചു അതിലൊന്ന്.
പ്രയാഗ്രാജിൽ നടന്ന പ്രതിഷേധങ്ങളുടെ സംഘാടകൻ എന്നാരോപിച്ച് പൗരസമൂഹത്തിലെ പരിചിതമുഖവും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അംഗവുമായ പിതാവ് ജാവേദ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി മുൻ ദേശീയ വക്താവ് നൂപുർ ശർമ നടത്തിയ അധിക്ഷേപങ്ങൾക്കെതിരെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നടന്ന, ചിലയിടങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങളിൽ ഒന്നു മാത്രമാണ് പ്രയാഗ്രാജിലേത്.
അഞ്ചു വർഷമായി നടത്തിവരുന്ന വിദ്യാർഥി പ്രവർത്തനങ്ങൾക്കിടയിൽ നിരവധി അവസ്ഥകളെ വിഭാവനം ചെയ്തിട്ടുണ്ട് അഫ്രീൻ. ഭരണകൂടം തേടിയെത്തുമ്പോൾ എന്തു ചെയ്യുമെന്നതു സംബന്ധിച്ച് വെൽഫെയർ പാർട്ടി നേതാവും ഭരണകൂടവിമർശകനുമായ പിതാവിനൊപ്പം പണ്ട് പറഞ്ഞ് ചിരിച്ചിട്ടുണ്ട്. പക്ഷേ, ഭരണകൂടം പിതാവിനെയോ അവളെയോ മാത്രമല്ല, ഉമ്മയെയും അനുജത്തിയെയും തേടിയാണ് വീട്ടിലേക്കു കയറിവന്നത്.
പകപോക്കൽ എന്നാണ് അഫ്രീൻ അതിനെ വിശേഷിപ്പിച്ചത്. ജാവേദ് മുഹമ്മദിനെതിരായ കുറ്റങ്ങൾ എന്തെല്ലാമാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല. അദ്ദേഹത്തെ നൈനി സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഉമ്മയും അനിയത്തിയും കസ്റ്റഡിയിൽ തുടരുകയാണോ എന്ന കാര്യത്തിലും കൃത്യതയില്ല.
അനധികൃത നിർമാണം- കള്ളക്കഥ
24 മണിക്കൂറായിട്ടും പിതാവിനെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നത് എന്നറിയില്ലെന്ന് ഞങ്ങളുമായി സംസാരിക്കവെ അഫ്രീൻ പറഞ്ഞു. ഉമ്മയെയും അനിയത്തിയെയും പൊലീസ് ചോദ്യംചെയ്യുന്നു എന്ന വിവരം മാത്രമാണറിയുന്നത്. വീട് നിർമിച്ചത് അനധികൃതമാണെന്നും പൊളിക്കുമെന്നും അറിയിച്ചിരുന്നുവെന്ന ഔദ്യോഗിക വാദം കള്ളമാണെന്ന് അവർ പറഞ്ഞു. ജൂൺ 11ന് വീട്ടുമുറ്റത്ത് നോട്ടീസ് പതിക്കുകയും മാധ്യമങ്ങളിൽ വാർത്ത വരുകയും ചെയ്യുംവരെ ഇങ്ങനെയൊരു അറിയിപ്പ് ലഭിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾക്കെതിരെ ബി.ജെ.പി ഭരണകൂടം പുലർത്തുന്ന സമീപനങ്ങൾക്കെതിരെ താനും പിതാവും നിലപാടെടുക്കുന്നതിന്റെ പേരിലാണ് കുടുംബത്തെ ഉന്നമിടുന്നത്.
പ്രതിഷേധങ്ങളുടെ ആസൂത്രകൻ പിതാവാണ് എന്ന വാദം അഫ്രീൻ നിഷേധിക്കുന്നു. ആണെങ്കിൽപോലും വാറന്റോ നോട്ടീസോ ഇല്ലാതെ ആളുകളെ അറസ്റ്റു ചെയ്യുന്നതും സ്ത്രീകളെ അർധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതും നിയമവിരുദ്ധമാണ്.
ജാവേദ് മുഹമ്മദ് അക്രമങ്ങളുടെ മുഖ്യ ഗൂഢാലോചകനാണെന്നും ഭാരത് ബന്ദിനും അടാലയിൽ ഒത്തുകൂടാനും ആഹ്വാനം നൽകിയെന്നും മാധ്യമങ്ങളോട് പറഞ്ഞ പ്രയാഗ്രാജ് എസ്.പി അജയ് കുമാർ ജെ.എൻ.യുവിൽ പഠിക്കുന്ന അഫ്രീൻ ഫാത്തിമ കുത്സിതപ്രവർത്തനങ്ങളിൽ ഭാഗമാണെന്നും പിതാവും മകളും ചേർന്നാണ് പല പ്രചാരണങ്ങളും നടത്തുന്നതെന്നും കൂട്ടിച്ചേർത്തിരുന്നു.
പ്രയാഗ്രാജിലെ പ്രതിഷേധം അക്രമാസക്തമായെന്നും കല്ലേറും തീവെപ്പുമുണ്ടായെന്നും പൊലീസുകാർക്ക് പരിക്കേറ്റുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരങ്ങളിൽ കലുഷിത സാഹചര്യം സൃഷ്ടിച്ച സാമൂഹികവിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആദിത്യനാഥ് സാമൂഹിക വിരുദ്ധർക്ക് പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ലെന്നും നിരപരാധികളെ ഉപദ്രവിക്കില്ല എന്നാൽ, ഒരു കുറ്റവാളിയെപ്പോലും വെറുതെവിടില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഓരോ വെള്ളിയാഴ്ചക്കുശേഷവും ശനിയാഴ്ചകൂടി വരാനുണ്ടെന്ന് മറക്കരുത് എന്നാണ് കെട്ടിടം തകർക്കുന്ന ബുൾഡോസറിന്റെ ചിത്രസഹിതം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് മൃത്യുഞ്ജയ കുമാർ ട്വീറ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഉമ്മ, അനിയത്തി, അമ്മായി, കുഞ്ഞുങ്ങൾ എന്നിവരോടൊപ്പം തറവാട് വീട്ടിലായിരുന്നു അഫ്രീൻ. ചോദ്യംചെയ്യാനെന്നു പറഞ്ഞ് വന്ന പൊലീസ് അതീവ സൗമ്യമായാണ് പിതാവിനോട് പെരുമാറിയത്. അദ്ദേഹം സ്വന്തം സ്കൂട്ടിയിലാണ് സ്റ്റേഷനിലേക്കു പോയത്. കുറ്റകൃത്യങ്ങളുടെ ആസൂത്രകരെ അങ്ങനെ സ്വന്തം വാഹനത്തിൽ വരാൻ സമ്മതിക്കാറുണ്ടോ -അഫ്രീൻ ചോദിക്കുന്നു. പിന്നീട് പൊലീസ് ഉമ്മയെയും സഹോദരിയെയും ചോദ്യംചെയ്യാൻ വിളിപ്പിച്ചു. മൂന്നു മണിക്കൂർ കഴിഞ്ഞ് വന്ന പൊലീസ് അഫ്രീനോടും കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രായമായ അമ്മായിയെയും കുഞ്ഞുങ്ങളെയും ഒറ്റക്കാക്കി വരാൻ കഴിയില്ലെന്ന് തറപ്പിച്ചു പറഞ്ഞു.
നിങ്ങൾ വന്നില്ലെങ്കിലും നിങ്ങളുടെ വീട് പൊളിക്കും, അത് ഹിറ്റ്ലിസ്റ്റിലുണ്ട് എന്ന് അപ്പോൾതന്നെ ഒരു പൊലീസുകാരി സൂചന നൽകിയിരുന്നു. പിന്നീട് അത് യാഥാർഥ്യമാവുകയും ചെയ്തു.
''സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന പിന്തുണയോട് ഏറെ കടപ്പാടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിന് എന്തെങ്കിലും മാറ്റം വരുത്താൻ അതുകൊണ്ടാകുമെന്ന് കരുതുന്നില്ല. ഇതുപോലെ ജീവിക്കുന്നത് അൽപം ഭയാനകംതന്നെയാണ്.
ഇത് പക്ഷേ എന്റെ മാത്രം കഥയല്ല, ഇന്ത്യയിലെ ഏതൊരു മുസ്ലിം കുടുംബത്തിന്റെയും അവസ്ഥയാണിത്. എതിർശബ്ദം പ്രകടിപ്പിക്കുന്നവരുടെ വീടുകയറി പ്രിയപ്പെട്ടവരെ പൊലീസ് പിടിച്ചുകൊണ്ടുപോയേക്കാവുന്ന അവസ്ഥ'' -അഫ്രീൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.