എന്തിനും ഏതിനും യു.എ.പി.എ; കശ്മീരിനെ പൂട്ടിക്കെട്ടാൻ അടുത്ത തന്ത്രമെന്ന് 2019ലെ കണക്കുകൾ
text_fieldsശ്രീനഗർ: ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തി ഏതുതരം പ്രതിഷേധവും മുട്ടിക്കാൻ പൊലീസ് നീക്കമെന്ന് റിപ്പോർട്ടുകൾ. 2015 വരെ 60ൽ താഴെ യു.എ.പി.എ കേസുകളായിരുന്നത് 2019ലെത്തുേമ്പാൾ ഒരു വർഷം 255 ആയാണ് ഉയർന്നത്.
കശ്മീരിൽ എന്തിനും ഏതിനും യു.എ.പി.എ ചുമത്തുകയാണെന്ന് ശ്രീഗനർ ആസ്ഥാനമായുള്ള ഒരു അഭിഭാഷകനെ ഉദ്ധരിച്ച് 'സ്ക്രോൾ' റിപ്പോർട്ട് ചെയ്യുന്നു. കേല്ലറ് സംഭവങ്ങൾക്കു പോലും യു.എ.പി.എ ചുമത്തും. 2018ൽ യു.എ.പി.എ ചുമത്തിയ ഒരു അസിസ്റ്റന്‍റ് പ്രഫസറെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോളജ് അധ്യാപകനായ ഇദ്ദേഹം പതിവായി ജോലിക്കു ഹാജരാകുകയും കോളജിൽ ക്വാറന്‍റീൻ കേന്ദ്രം നടത്തുകയും ചെയ്തതിന് രേഖകളുണ്ടായിട്ടും അറസ്റ്റ് ഒഴിവാക്കാൻ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് ആരോപണം.
കഴിഞ്ഞ സെപ്റ്റംബറിൽ ഷോപിയാനിൽ അധ്യാപകനും എട്ടു വിദ്യാർഥികളും ക്രിക്കറ്റ് കളിച്ചത് യു.എ.പി.എ പ്രകാരം കേസാക്കി മാറ്റിയ പൊലീസ് വാദം തള്ളി ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
2019ൽ യു.എ.പി.എക്കു വരുത്തിയ ഭേദഗതിയാണ് ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് തുണയാകുന്നതെന്നാണ് ആരോപണം. അതുവരെയും നിരോധിത സംഘടനകളിൽ പ്രവർത്തിച്ചവർക്കെതിരിൽ മാത്രമായിരുന്നു ഈ ഭീകര വിരുദ്ധ നിയമം ചുമത്താൻ യോഗ്യത. എന്നാൽ, 2019 ജൂലൈയിൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം അംഗത്വമോ മറ്റു സാധ്യതകളോ ഇല്ലാതെ തന്നെ സർക്കാറിന് ആരെയും ഭീകരനായി മുദ്രകുത്താം.
യു.എ.പി.എ ചുമത്തുന്നതിന് പുറമെ ഈ നിയമത്തിലെ 25ാം വകുപ്പ് പ്രകാരം സ്വത്ത് കണ്ടുകെട്ടുന്നതും വ്യാപകമാണ്. കഴിഞ്ഞ ഫെബ്രുവരിയിലെ പൊലീസ് റിപ്പോർട്ട് പ്രകാരം 'തീവ്രവാദ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ' 46 കേസുകളിൽ പ്രതിചേർക്കപ്പെട്ടവരുടെ 61 വാഹനങ്ങൾ, അഞ്ച് വീടുകൾ, ആറ് കടകൾ, ഭൂമി, പണം എന്നിവ കണ്ടുകെട്ടാൻ അനുമതി നൽകി.
രാജ്യത്തുമുഴുക്കെയും ഇതേ സ്ഥിതി തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകളിൽ വ്യക്തമാണ്. 2015നെ അപേക്ഷിച്ച് 2019ലെത്തുേമ്പാൾ 72 ശതമാനമാണ് ദേശീയ വർധന. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ സംസ്ഥാനമാണ് യു.എ.പി.എ കേസുകളിൽ കശ്മീർ. 2014നും 2019നുമിടയിൽ മാത്രം ജമ്മു കശ്മീരിൽ 921 കേസുകളാണ് ചുമത്തിയത്. 2020ലെ കണക്കുകൾ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ പുറത്തുവിട്ടിട്ടില്ല.
ഈ കേസ് പ്രകാരം 180 ദിവസം വരെ അന്വേഷണത്തിന് എടുക്കാൻ പൊലീസിന് സമയമുണ്ടാകും. പതിവു കേസുകളിൽ 60- 90 ദിവസം മാത്രമുള്ളിടത്താണ് ഈ സമയം. അതോടെ കസ്റ്റഡിയിലുള്ളവർക്ക് ജാമ്യത്തിന് അപേക്ഷ നൽകാൻ പോലും ആറു മാസം കാത്തിരിക്കണം.
ശ്രീനഗറിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടുവെന്ന് സുരക്ഷാസേന പറയുന്ന 16കാരനായ മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ തന്‍റെ ഗ്രാമത്തിൽ പ്രതിഷേധ മാർച്ച് നടത്തിയ പുൽവാമ സ്വദേശിക്കും മാർച്ചിൽ പങ്കാളികളായ ആറു പേർക്കുമെതിരെ യു.എ.പി.എ ചുമത്തിയതാണ് ഏറ്റവുമൊടുവിൽ സംസ്ഥാനത്തും പുറത്തും വിവാദമുയർത്തുന്നത്. കണ്ണീരണിഞ്ഞുനിൽക്കുന്ന പിതാവിന്‍റെ ചിത്രവുമായി മാധ്യമങ്ങൾ യു.എ.പി.എ വാർത്ത പുറത്തുവിട്ടതോടെ ന്യായീകരിച്ച് പൊലീസ് മേധാവിയും രംഗത്തെത്തി. 'മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ മാർച്ച് നടത്തിയാൽ അത് കേസ് ആകില്ലെന്നും എന്നാൽ, ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയാൽ യു.എ.പി.എ ചുമത്തുമെന്നുമായിരുന്നു കശ്മീർ പൊലീസ് ഐ.ജി വിജയ് കുമാറിന്‍റെ പ്രതികരണം. എന്നാൽ, അത്തരം മുദ്രാവാക്യങ്ങളൊന്നും മുഴങ്ങിയില്ലെന്നും പൊലീസ് തന്നെ പ്രകടനം വിഡിയോയിൽ പകർത്തിയതാണെന്നും പിതാവ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.