ആർ.ടി.പി.സി.ആർ നെഗറ്റീവായാലും കോവിഡ് ഉള്ളിലുണ്ടാകും; സി.ടി സ്കാൻ കൂടി ചെയ്യണമെന്ന് ഗുജറാത്ത് ഡോക്ടർമാർ
text_fieldsകോവിഡ് വൈറസിന്‍റെ വിവിധ വകഭേദങ്ങൾ വ്യാപകമാകുന്നതിനാൽ ആർ.ടി.പി.സി.ആർ പരിശോധന മാത്രം മതിയാകില്ലെന്ന് ഗുജറാത്തിലെ ഡോക്ടർമാർ. ശ്വാസകോശത്തിൽ രോഗബാധ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സി.ടി. സ്കാൻ കൂടി വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. സി.ടി. സ്കാനിൽ രോഗബാധയില്ലെന്ന് കണ്ടെത്തുന്നതുവരെ കോവിഡ് പോസിറ്റീവാണെന്ന നിലക്കുള്ള മുൻ കരുതൽ വേണമെന്ന് കാണിച്ച് വഡോദര മുൻസിപ്പൽ കോർപറേഷൻ അറിയിപ്പ് പുറപ്പെടുവിച്ചു.
ആർ.ടി.പി.സി.ആർ പരിശോധനയിൽ കോവിഡ് നെഗറ്റീവായ പലരുടെയും ശ്വാസകോശത്തിൽ രോഗ ബാധയുള്ളതായി ഹൈ റെസലൂഷൻ സി.ടി സ്കാനിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് വഡോദര മുൻസിപ്പൽ കോർപറേഷൻ ചൂണ്ടികാണിക്കുന്നത്.
ബ്രസീൽ, യു.കെ, ആഫ്രിക്ക തുടങ്ങിയിടങ്ങളിൽ നിന്നുള്ള കോവിഡ് വക ഭേദങ്ങളടക്കം ആർ.ടി.പി.സി.ആർ പരിശോധനയിലൂടെ കണ്ടെത്താമെന്ന് നേരത്തെ കേന്ദ്ര സർക്കാർ അറിയിപ്പുണ്ടായിരുന്നു. കോവിഡ് കണ്ടെത്തുന്നതിന് ആർ.ടി.പി.സി.ആർ പരിശോധന തീർത്തും കാര്യക്ഷമമാണെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.
കോവിഡ് നെഗറ്റീവായ ശേഷം, പ്രത്യക്ഷമായ ലക്ഷണങ്ങെളാന്നും ഇല്ലാതെ തന്നെ ശ്വാസകോശത്തിൽ രോഗം വ്യാപിക്കുന്നതായി നിരവധി അനുഭവങ്ങളുണ്ടെന്ന് പകർച്ച രോഗ വിദഗ്ദൻ ഡോ. ഹിദൻ കരേലിയ പറയുന്നു.
ആർ.ടി.പി.സി.ആർ പരിശോധനക്ക് 70 ശതമാനമാണ് കൃത്യതയെന്നും പരിശോധനഫലം തെറ്റാനുള്ള സാധ്യത 30 ശതമാനം അവശേഷിക്കുന്നുണ്ടെന്നും നന്ദ ഹോസ്പിറ്റൽ എം.ഡി ഡോ. നീരജ് ചാവ്ഡ പറയുന്നു. സി.ടി. സ്കാനിലൂടെ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.