കങ്കണയുമായുള്ള എല്ലാ വിഷയങ്ങളും അവസാനിച്ചു; ശത്രുതയില്ലെന്ന് സഞ്ജയ് റാവത്ത്
text_fieldsമുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്തും ശിവസേന സർക്കാറും തമ്മിലുള്ള തർക്കം നിലനിൽക്കെ താരത്തോട് വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്ന നിലപാട് വ്യക്തമാക്കി എം.പി സഞ്ജയ് റാവുത്ത്. അനിധൃത നിർമാണങ്ങൾ തടയുന്നതിെൻറ ഭാഗമായി ബ്രിഹാൻ മുംബൈ കോർപറേഷൻ കങ്കണയുടെ ഉടമസഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന് പങ്കില്ല. തന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചു. അവർക്ക് സ്വസ്ഥമായി മുംബൈയിൽ ജീവിക്കാമെന്നും ശിവസേന എം.പി സഞ്ജയ് റാവുത്ത് പറഞ്ഞു.
കങ്കണയുമായി തനിക്ക് ഒരു പ്രശ്നവുമില്ല. മുംബൈയെ പാക് അധിനിവേശ കശ്മീരിനോട് ഉപമിച്ചതിൽ മാത്രമാണ് താൻ ദേഷ്യം പ്രകടിപ്പിച്ചത്. ബി.എം.സി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നതിൽ തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്തമില്ല. മുംബൈയിൽ താമസിക്കാൻ കങ്കണയെ സ്വാഗതം ചെയ്യുന്നുവെന്നും സഞ്ജയ് പറഞ്ഞു.
ഇതിന് മുമ്പ് കങ്കണക്ക് മുംബൈയിൽ നിന്നും ഒരുതരത്തിലുള്ള ഭീഷണിയും നേരിടേണ്ടിവന്നിട്ടില്ല. മുംബൈ പാകിസ്താനെപ്പോലെയാണ് തോന്നുന്നതെങ്കിൽ താരം എന്തിനാണ് ഇവിടെ താമസിച്ചിരുന്നത് എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂ. തെൻറയോ പാർട്ടിയുടെയോ ഭാഗത്തുനിന്ന് ഭീഷണികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയുടെ അഭിമാനത്തോടെ ആരെങ്കിലും പരിഹസിക്കുകയാണെങ്കിൽ, ജനങ്ങൾ കോപാകുലരാകും. സംസ്ഥാനത്തിെൻറ ചരിത്രം അതാണ്. എന്നാൽ ഇത്തവണ ക്ഷമയോടെ ഇരിക്കാൻ തങ്ങൾ ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണുണ്ടായത്- സഞ്ജയ് വിശദീകരിച്ചു.
ബി.എം.സിയുടെ പൊളിച്ചുനീക്കൽ നടപടിക്ക് ശേഷവും കങ്കണ ശിവസേനക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. എം.പി സഞ്ജയ് റാവുത്തിനെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തിപരമായി വിമർശിക്കുകയും ചെയ്തിരുന്നു.
നിലവിൽ കങ്കണയുടെ ഓഫീസിനും താമസസ്ഥലത്തിനും മുംബൈ പൊലീസ് സുരക്ഷ നൽകിയിട്ടുണ്ട്. മുംബൈയെ പാക് അധിനിവേശ കശ്മീരുമായി ഉപമിക്കുകയും മുംബൈ പൊലീസിനെ നിരന്തരം വിമർശിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നടിക്ക് കേന്ദ്രം വൈ-പ്ലസ് കാറ്റഗറി സുരക്ഷാ നൽകിയിരിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.