നിതീഷ് രഹിത ഭരണത്തിന് വോട്ടുതേടി ചിരാഗ് പാസ്വാൻ
text_fieldsപട്ന: ബിഹാറിൽ എൻ.ഡി.എ എന്നാൽ ബി.ജെ.പി, ജെ.ഡി.യു, എച്ച്.എ.എം, വി.ഐ.പി എന്നീ പാർട്ടികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയശേഷവും നിതീഷ് കുമാറിനും ജെ.ഡി.യുവിനുമെതിരെ പ്രചാരണം ശക്തമാക്കി കേന്ദ്രത്തിലെ എൻ.ഡി.എ ഘടകകക്ഷിയായ ലോക്ജനശക്തി പാർട്ടി.
പിതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ് പാസ്വാെൻറ വിയോഗ ശേഷം പാർട്ടിയുടെ സർവാധിപതിയായ ചിരാഗ് പാസ്വാൻ ബിഹാറിൽ നിതീഷ് രഹിത ഭരണം സാധ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ജനങ്ങളെ സമീപിക്കുന്നത്. 243 അംഗ നിയമസഭയിലേക്ക് ജെ.ഡി.യുവും എച്ച്.എ.എമ്മും മത്സരിക്കുന്നവ 122 സീറ്റുകൾ ഉൾപ്പെടെ138 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയ എൽ.ജെ.പി മറ്റു സീറ്റുകളിലെല്ലാം ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ടുചെയ്യാനാണ് അണികൾക്ക് നൽകിയിരിക്കുന്ന നിർദേശം.
ബി.ജെ.പിയുടെ വിശിഷ്യ, ആഭ്യന്തര മന്ത്രി അമിത് ഷായുടെ അനുഗ്രഹാശിസ്സുകളോടെയാണ് ചിരാഗിെൻറ ഈ നീക്കമെന്ന് നേരത്തേ തന്നെ നിരീക്ഷകർ അഭിപ്രായപ്പെട്ടിരുന്നു. നിതീഷിെന നീക്കണമെന്ന നിലപാട് സൂക്ഷിക്കുന്ന ഒരു വിഭാഗം ബി.ജെ.പി നേതാക്കളും സംസ്ഥാനത്തുണ്ട്.
എന്നാൽ, വെള്ളിയാഴ്ച വിവിധ കേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷിെൻറ മേന്മകളും ഭരണനേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് ഭരണത്തുടർച്ചക്ക് വോട്ടു ചെയ്യാൻ ആവശ്യപ്പെട്ടത്.
ലോക്ഡൗൺ കാലം മുതൽ നിതീഷ് കുമാറിനെ തുറന്നെതിർക്കുന്ന എൽ.ജെ.പി മോദിയുടെ വരവോടെ എതിർപ്പിന് മൂർച്ച കുറക്കും എന്നാണ് ജെ.ഡി.യു ക്യാമ്പ് പ്രത്യാശിച്ചിരുന്നത്. എന്നാൽ, നിതീഷിനെ എതിർക്കുന്നവരുടെ ഏകീകരണം തേടിക്കൊണ്ടാണ് ഞായറാഴ്ച ചിരാഗ് പ്രചാരണം ആരംഭിച്ചതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.