പുഷ്പഹാരമണിഞ്ഞും മധുരം വിതരണം ചെയ്തും ആഘോഷം -ജാമ്യം ലഭിച്ച നോയ്ഡ ബി.ജെ.പി പ്രവർത്തകൻ ശ്രീകാന്ത് ത്യാഗിക്ക് വൻ വരവേൽപ്
text_fieldsനോയ്ഡ: നോയ്ഡയിൽ യുവതിയെ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്ത് വിവാദത്തിലായ ശ്രീകാന്ത് ത്യാഗിക്ക് ജാമ്യം. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ത്യാഗിക്ക് വൻ വരവേൽപാണ് ലഭിച്ചത്. 'ശ്രീകാന്ത് ഭയ്യ സിന്ദാബാദ്' വിളികളോടെ പൂമാലയിട്ടും പൂക്കളെറിഞ്ഞുമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ത്യാഗിയെ അനുയായികൾ സ്വീകരിച്ചത്. തുടർന്ന് മധുര പലഹാര വിതരണവുമുണ്ടായി. തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്ന് ത്യാഗി പറഞ്ഞു. അതിലേക്ക് തന്റെ ഒരു സഹോദരിയെ ആണ് വലിച്ചിഴച്ചത്. അവരെ മുന്നിൽ നിർത്തിയായിരുന്നു ഗൂഢാലോചന.-ത്യാഗി ആരോപിച്ചു.
രാഷ്ട്രീയത്തിൽ തുടരുമെന്നും ത്യാഗി വ്യക്തമാക്കി. കേസിൽ അലഹബാദ് ഹൈകോടതിയാണ് ത്യാഗിക്ക് ജാമ്യം നൽകിയത്. കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. സ്ത്രീയെ മർദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളടങ്ങിയ വിഡിയോ പുറത്തായതോടെ കഴിഞ്ഞ ആഗസ്റ്റിലാണ് ത്യാഗിയെ അറസ്റ്റ് ചെയ്തത്.
ബി.ജെ.പിയുടെ പോഷക സംഘടനയായ കിസാൻ മോർച്ചയുടെ സജീവ പ്രവർത്തകൻ എന്നാണ് ത്യാഗി സമൂഹമാധ്യമങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ആരോപണത്തിനു പിന്നാലെ ത്യാഗി ബി.ജെ.പി നേതാവല്ലെന്നും ഒരു സാധാരണ പ്രവർത്തകൻ മാത്രമാണെന്നുമുള്ള വിശദീകരണവുമായി ബി.ജെ.പി നേതൃത്വം രംഗത്തുവരികയുണ്ടായി. നോയ്ഡ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനായ ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയിരുന്നു. സെക്ടര്‍-93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സ് സൊസൈറ്റിയില്‍ ത്യാഗിയും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായി. നോയ്ഡയിലെ സെക്ടർ-93 ബി സെക്ടറിലെ പാർക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്.
പൊതുസ്ഥലം കൈയേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു സ്ത്രീയടക്കമുള്ളവരുടെ പരാതി. 2019ല്‍ ത്യാഗി തന്റെ വീടിന്റെ ബാല്‍ക്കണി വലുതാക്കിയതെന്നും അപാർട്‌മെന്റിന്റെ കോമണ്‍ ലോണ്‍ ഏരിയയില്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നതായും പരാതിയുയർന്നിരുന്നു. മരം സുരക്ഷാഭീഷണി ഉയർത്തുന്നതിനാൽ മുറിച്ചുമാറ്റണമെന്നായിരുന്നു ആവശ്യം.
എന്നാൽ മരത്തിൽ തൊട്ടാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നു ഭീഷണി മുഴക്കിയ ത്യാഗി സ്ത്രീയെ കൈയേറ്റം ചെയ്യുകയായിരുന്നു. തന്നെയും ഭർത്താവിനെയും കുട്ടികളെയും വളരെ മോശം വാക്കുകൾ ഉപയോഗിച്ച് ത്യാഗി അധിക്ഷേപിച്ചുവെന്നും യുവതി പരാതിയിൽ സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.