രാഷ്ട്രപതി തെരഞ്ഞെടുപ്പിന് വോട്ട് യന്ത്രമില്ല, എന്തുകൊണ്ട് ?
text_fieldsന്യൂഡൽഹി: വർഷങ്ങളായി രാജ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പുകളിലും നിയമസഭ തെരഞ്ഞെടുപ്പുകളിലും ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ട് യന്ത്രങ്ങൾ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ ഇപ്പോഴും പടിക്കുപുറത്താണ്. രാജ്യസഭ, സംസ്ഥാന നിയമനിർമാണ കൗൺസിൽ തെരഞ്ഞെടുപ്പുകളിലും വോട്ട് യന്ത്രം ഉപയോഗിക്കാറില്ല. ഈ തെരഞ്ഞെടുപ്പുകളിലെല്ലാം ഇപ്പോഴും ബാലറ്റ് ആണ് ഉപേയാഗിക്കുന്നത്. ആനുപാതിക പ്രാതിനിധ്യം അടിസ്ഥാനമാക്കി കൈമാറ്റം ചെയ്യാവുന്ന ഒറ്റവോട്ട് സമ്പ്രദായത്തിലുള്ള തെരഞ്ഞെടുപ്പായതിനാലാണ് ഇതിനായി വോട്ട് യന്ത്രം ഉപയോഗിക്കാത്തത്.
ലോക്സഭ തെരഞ്ഞെടുപ്പിലും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലും വോട്ടർമാർ ഒരു സ്ഥാനാർഥിക്ക് വോട്ടു നൽകുകയും ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്നവർ വിജയിക്കുകയും ചെയ്യുന്നതാണ് രീതി. ഇലക്ട്രോണിക് വോട്ട് യന്ത്രത്തിലെ സാങ്കേതിക വിദ്യയും ഈ രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്.
യന്ത്രത്തിൽ ഒന്നിൽ കൂടുതൽ പേർക്ക് വോട്ട് നൽകിയാൽ അത് അസാധുവാകും. അതിനാൽതന്നെ ഒന്നിലേറെ സ്ഥാനാർഥികൾക്ക് ഒരേസമയം, മുൻഗണനാക്രമം അനുസരിച്ച് വോട്ട് ചെയ്യാൻ കഴിയുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി, രാജ്യസഭ, നിയമ നിർമാണ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ നിലവിലുള്ള വോട്ട് യന്ത്രം ഉപയോഗിക്കാൻ കഴിയുകയുമില്ല.
ആനുപാതിക പ്രാതിനിധ്യ പ്രകാരമുള്ള തെരഞ്ഞെടുപ്പിനായി സാങ്കേതികവിദ്യയിൽ തന്നെ മാറ്റംവരുത്തി വോട്ട് യന്ത്രം സജ്ജമാക്കേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നത്. 2004ൽ മുതൽ ഇതുവരെ നാലു ലോക്സഭ തെരഞ്ഞെടുപ്പിലും 127 നിയമസഭ തെരഞ്ഞെടുപ്പിലും വോട്ട് യന്ത്രം ഉപയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.