'നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം'; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മതത്തിൽ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും മതപരിവർത്തനം നടക്കുന്നു. ഇത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട ഹരജിയിൽ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും സെപ്തംബർ 23ന് സുപ്രീംകോടതി മറുപടി തേടിയിരുന്നു. ജസ്റ്റിസുമാരായ എം.ആർ. ഷാ, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് അന്ന് ഉത്തരവിട്ടത്.
അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ് ആയിരുന്നു ഹരജി സമർപ്പിച്ചത്. ഇത് രാജ്യവ്യാപകമായ പ്രശ്‌നമാണെന്നും ഉടനടി നടപടി വേണമെന്നും അശ്വിനി കുമാർ അഭ്യർഥിച്ചു. ഭീഷണിപ്പെടുത്തിയും പണവും സമ്മാനങ്ങളും നൽകിയും മതപരിവർത്തനം നടത്തുന്നതിനെതിരെ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇത്തരത്തിലുള്ള മതപരിവർത്തനങ്ങൾ തടയാൻ റിപ്പോർട്ടും ബില്ലും തയാറാക്കാൻ ലോ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയുലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.