നിർബന്ധിത മതംമാറ്റം ദേശസുരക്ഷയെ ബാധിക്കുന്ന വിഷയം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിർബന്ധപൂർവമുള്ള മതപരിവർത്തനം ദേശസുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്നും ഇതിൽ കേന്ദ്രം ആത്മാർഥമായി ഇടപടണമെന്നും സുപ്രീം കോടതി. നിർബന്ധിത മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ പ്രയാസകരമായ സാഹചര്യമുണ്ടാകുമെന്നും ജസ്റ്റിസുമാരായ എം.ആർ.ഷാ, ഹിമ കോഹ്‍ലി എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ കൃത്യമായ നടപടിയുണ്ടാകണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപ്പെട്ടു. എന്തു നടപടിയാണെടുക്കുന്നതെന്ന കാര്യം കോടതിയെ അറിയിക്കണം. രാജ്യസുരക്ഷക്ക് പുറമെ മതസ്വാതന്ത്രത്തെയും ബാധിക്കുന്ന കാര്യമാണിത്. അതിനാൽ കേന്ദ്രം നിലപാട് വ്യക്താക്കണം.
വാഗ്ദാനങ്ങൾ നൽകിയും ഭീഷണിപ്പെടുത്തിയുമുള്ള മതപരിവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കൂടിയായ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ് നൽകിയ ഹരജിയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മന്ത്രവാദം, അന്ധവിശ്വാസം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ തടയാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടായരുന്നു ബി.ജെ.പി നേതാവിന്‍റെ ഹരജി.
കോൺസ്റ്റിറ്റ്യുവെന്റ് അസംബ്ലിയിൽ പോലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടതാണെന്ന് മേത്ത കോടതിയിൽപറഞ്ഞു. നിലവിൽ ഇക്കാര്യത്തിൽ ഒഡിഷ സർക്കാറും മധ്യപ്രദേശ് സർക്കാറും പാസാക്കിയ നിയമങ്ങളുണ്ട്. ആദിവാസി മേഖലകളിൽ നിർബന്ധിത മതപരിവർത്തനം വ്യാപകമാണ്. തങ്ങൾ ക്രിമിനിൽ കുറ്റകൃത്യത്തിന്റെ ഇരകളാണെന്ന് പോലും അവർ അറിയുന്നില്ല.-മേത്ത കൂട്ടിച്ചേർത്തു. മതസ്വാതന്ത്ര്യമാകാം. പക്ഷേ, നിർബന്ധിത മതപരിവർത്തനം വഴി മതസ്വാതന്ത്ര്യമുണ്ടാകില്ലെന്ന് കോടതി നിരീക്ഷിച്ചു.കേസ് വീണ്ടും നവംബര്‍ 28ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.