ഒരു സുരക്ഷയുമില്ലാതെ ഡ്രെയിനേജിൽ ശുചീകരണ തൊഴിലാളികൾ; ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്
text_fieldsയാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ ഡ്രെയിനേജ് വൃത്തിയാക്കാൻ അധികൃതർ നിർബന്ധിച്ചതായി ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. അസുരക്ഷിത സാഹചര്യത്തിൽ ശുചിയാക്കുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരിൽ ഞെട്ടലുണ്ടാക്കുന്നതാണ്. തമിഴ്നാട് കോയമ്പത്തൂരിലാണ് സംഭവം.
കോയമ്പത്തൂർ കോർപ്പറേഷൻ 78-ാം വാർഡിലെ തൊഴിലാളിയായ സുബ്രമണിയാണ് ആരോപണം ഉന്നയിച്ചത്. ഇയാൾ ഓട വൃത്തിയാക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട സാനിറ്റേഷൻ ഓഫീസറെ കോയമ്പത്തൂർ കോർപ്പറേഷൻ കമ്മീഷണർ രാജ ഗോപാൽ സുങ്കര സസ്പെൻഡ് ചെയ്തു.
പേരൂർ പ്രധാന റോഡിൽ സ്‌ഥിതി ചെയ്യുന്ന ഓവുചാലിൽ ബ്ലോക്ക് ഉണ്ടെന്ന് വീഡിയോയിൽ സുബ്രഹ്മണി പറഞ്ഞു. "ഓവുചാലിലെ തടസം നീക്കാൻ എന്നെയും ധർമ്മനെയും സെന്തിൽകുമാറിനെയും അയച്ചു. ബ്ലോക്ക് ഡ്രെയിനിനുള്ളിലാണെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ, അതിനാലാണ് നിങ്ങളെ അയച്ച് േബ്ലാക്ക് മാറ്റാൻ ആവശ്യപ്പെട്ടതെന്ന് ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഞങ്ങൾ അത് ചെയ്തു. ഞങ്ങൾക്ക് ഒരു സംരക്ഷണ ഉപകരണങ്ങളും നൽകിയില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, ഞങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തതെന്ന് ഒരു പേപ്പറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. തടസ്സം നീക്കിയില്ലെങ്കിൽ 700 ഓളം വീടുകളെ ബാധിക്കുമായിരുന്നു" -സുബ്രമണി പറഞ്ഞു.
മാർച്ച് 19 നാണ് സംഭവം. മാർച്ച് 22 ചൊവ്വാഴ്ച രാവിലെ സാനിറ്റേഷൻ സൂപ്പർവൈസർ മാണിക്കം തൊഴിലാളികളോട് ശൂന്യമായ പേപ്പറിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. വീഡിയോ പുറത്തുവന്നതിന് ശേഷം തൊഴിലിൽ നിന്നും മാറ്റിനിർത്തുമെന്ന് അധികൃതർ ഭീഷണിപ്പെുടത്തുന്നതായും തൊഴിലാളികൾ പറയുന്നു.
ശരിയായ സംരക്ഷണ ഉപകരണങ്ങളില്ലാതെ ഡ്രെയിനുകളിലെ ഇത്തരം ബ്ലോക്കുകൾ വൃത്തിയാക്കാൻ തൊഴിലാളികളോട് എപ്പോഴും ആവശ്യപ്പെടാറുണ്ടെന്ന് തമിഴ്‌നാട് അംബേദ്കർ ട്രേഡ് യൂണിയൻ ജനറൽ സെക്രട്ടറി സെൽവം പറഞ്ഞു.
അതിനിടെ, ബന്ധപ്പെട്ട സാനിറ്റേഷൻ സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്‌തതായും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോർപ്പറേഷൻ വെൽഫെയർ ഓഫീസറുടെ കീഴിലുള്ള കമ്മിറ്റിയെ നിയോഗിച്ചതായും കമ്മീഷണർ രാജ ഗോപാൽ സുങ്കര പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.