രാജിവെക്കാൻ നിർബന്ധിതനായി; രാഹുലിന് രാഷ്ട്രീയ നേതാവാകാനുള്ള കഴിവില്ല -ഗുലാംനബി ആസാദ്
text_fieldsന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ താൻ നിർബന്ധിതനായതാണെന്ന് ഗുലാം നബി ആസാദ്. ഡൽഹിയിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ വീട്ടിൽ നിന്ന് രാജിവെച്ചുപോകാൻ ഞാൻ നിർബന്ധിതനായി. മോദിയെ കുറിച്ച് പറയുന്നത് ഒഴിവുകഴിവ് മാത്രമാണ്. ജി 23 കത്തു മുതൽ തന്നെ അവർക്ക് എന്നോട് നീരസമുണ്ട്. ചോദ്യം ചെയ്യുന്നത് അവർക്കിഷ്ടമല്ല. നിരവധി കോൺഗ്രസ് യോഗങ്ങൾ നടന്നു. പക്ഷേ, ഒരു നിർദേശം പോലും അവർ സ്വീകരിച്ചില്ല - ഗുലാം നബി ആസാദ് പറഞ്ഞു.
കോൺഗ്രസിന്റെ വർക്കിങ് കമ്മിറ്റി അർഥശൂന്യമാണെന്നും ഗുലാം നബി ആരോപിച്ചു. സോണിയാ ഗാന്ധിക്ക് കീഴിൽ വർക്കിങ് കമ്മിറ്റി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ 10 വർഷമായി 25 വർക്കിങ് കമ്മിറ്റി അംഗങ്ങളും 50 പ്രത്യേക ക്ഷണിതാക്കളും ഉണ്ട്.
2019ലെ ചൗക്കിദാർ ചോർ ഹെ എന്ന രാഹുൽ ഗാന്ധിയുടെ മുദ്രാവാക്യമാണ് മുതിർന്ന നേതാക്കളും രാഹുലും തമ്മിലുള്ള പ്രശ്നത്തിന്റെ തുടക്കം. ഈ മുദ്രാവാക്യം വേണ്ടെന്ന് എല്ലാ മുതിർന്ന നേതാക്കളും പറഞ്ഞു. രാഹുൽ അനുസരിച്ചില്ല. മോദിയെ എല്ലാവശത്തു നിന്നും ആക്രമിക്കുക എന്നതായിരുന്നു രാഹുലിന്റെ തന്ത്രം.
വ്യക്തിപരമായ ആക്രമണമായിരുന്നില്ല വേണ്ടിയിരുന്നത്. മുതിർന്നവരെ ബഹുമാനിക്കാനും തുല്യ ബഹുമാനം പ്രതിപക്ഷ നേതാക്കൾക്ക് നൽകാനുമാണ് തങ്ങൾ പഠിച്ചത്. മുതിർന്ന കാബിനറ്റ് മന്ത്രിമാർ ആയിരുന്നവർക്ക് ഉപയോഗിക്കാൻ പറ്റുന്ന ഭാഷയാണോ ഇതെന്നും ഗുലാം നബി ആസാദ് ചോദിച്ചു.
എന്നാൽ രാഹുലിനോട് വ്യക്തിപരമായ വിദ്വേഷമില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. വ്യക്തിപരമായി അദ്ദേഹം നല്ല മനുഷ്യനാണ്. എന്നാൽ രാഷ്ട്രീയ നേതാവാകാനുള്ള കഴിവില്ല. കഠിനാധ്വാനം ചെയ്യാനുള്ള മനസില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിക്ക് കീഴടങ്ങിയെന്ന ആരോപണം സംബന്ധിച്ച് മോദിയുമായി കുടുങ്ങിയത് താനല്ല രാഹുലാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. പാർലമെന്റിൽ രാഹുൽ ഗാന്ധി മോദിയെ ആലിംഗനം ചെയ്ത സംഭവം ഓർമിപ്പിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ചയാണ് ആസാദ് പാർട്ടിയിൽ നിന്ന് എല്ലാ സ്ഥാനങ്ങളും രാജിവെച്ചത്. ചർച്ചചെയ്ത് തീരുമാനമുണ്ടാക്കുന്ന സംവിധാനം രാഹുൽ ഗാന്ധിയുടെ പക്വതയില്ലായ്മ മൂലം നശിച്ചുവെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ഗുലാം നബി പാർട്ടി വിട്ടത്. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ അഞ്ചുപേജുള്ള രാജിക്കത്തിലായിരുന്നു ആരോപണം. രാഹുലിന്റെ കരിംപൂച്ചകളാണ് പ്രധാന തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നും സോണിയ നോക്കുകുത്തിയായിയെന്നും കത്തിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.