വിവാഹബന്ധത്തിൽ അസന്തുഷ്ടരായ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് അലഹബാദ് ഹൈകോടതി
text_fieldsപ്രയാഗ്രാജ്: വിവാഹബന്ധത്തിൽ അസന്തുഷ്ടരായ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് അലഹബാദ് ഹൈകോടതി. മാനസികമായി വേർപിരിഞ്ഞ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കുന്നതിലും ഉചിതം അവരുടെ വ്യക്തിപരമായ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹബന്ധം വേർപിരിയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ഗാസിയാബാദ് കുടുംബ കോടതി റദ്ദാക്കിയതിന് പിന്നാലെ യുവാവ് നൽകിയ അപ്പീൽ പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈകോടതിയുടെ പരാമർശം.
മാനസികമായി വേർപിരിഞ്ഞ ദമ്പതികളെ ഒരുമിച്ച് ജീവിക്കാൻ നിർബന്ധിക്കുന്നത് പൊതുതാത്പര്യത്തിന് ഹാനികരമാണെന്നും ജസ്റ്റിസ് അരുൺ കുമാർ സിങ് ദേശ്വാൾ, ജസ്റ്റിസ് സൗമിത്ര ദായൽ സിങ് എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേർത്തു. ദാമ്പത്യജീവിതത്തിൽ പരാതിക്കാരനായ ഭർത്താവ് അനുഭവിച്ച ക്രൂര പീഡനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കേസ്. വിവാഹമോചനം ലഭിക്കാൻ അവിശ്വാസം മുതൽ വ്യാജ ക്രിമിനൽ പരാതികൾ ഉൾപ്പെടെ, ഇരു കക്ഷികളും പരസ്പരം വിവിധ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
ഇരുവരും ഏറെക്കാലമായി അകന്നാണ് താമസിക്കുന്നത്. ഭർത്താവിനെതിരെ ഭാര്യ നൽകിയ പരാതികളും ഇതിനോട് ഭർത്താവ് നടത്തിയ എതിർവാദങ്ങളും പരിഗണിച്ച കോടതി യുവതി ഭർത്താവിനെ പീഡിപ്പിക്കുകയായിരുന്നുവെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാവുന്നതിലും പതനത്തിലേക്ക് പോയെന്നും വിവാഹജീവിതത്തിൽ ഭർത്താവ് നിരവധി പീഡനങ്ങൾക്ക് ഇരയായെന്നും വ്യക്തമാക്കിയ കോടതി വിവാഹമോചനത്തിന് അനുമതി നൽകുകയായിരുന്നു.
വൈവാഹിക ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളിൽ നിന്നും വ്യക്തികളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ഓരോ വ്യക്തിക്കും അവരുടെ സന്തോഷത്തിന്‍റെ പാത തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.