ബംഗളൂരു സബർബൻ റെയിലിന് വിദേശ സഹായം
text_fieldsബംഗളൂരു: ബംഗളൂരു സബർബൻ റെയിൽവേ പദ്ധതിക്ക് വിദേശ ബാങ്കുകളിൽനിന്ന് 800 ദശലക്ഷം യൂറോ (ഏകദേശം 7438 കോടി രൂപ) വായ്പ അനുവദിച്ചു. 2022 ജൂണിൽ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച് നടത്തിയ പ്രസംഗത്തിൽ കഴിഞ്ഞ 40 വർഷത്തിൽ എന്താണോ നടക്കാതെ പോയത് അത് അടുത്ത 40 മാസത്തിൽ പൂർത്തിയാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗാരന്റി വെറും വാക്കായ സാഹചര്യത്തിലാണ് നാലു ശതമാനം പലിശ നിരക്കിൽ 20 വർഷത്തേക്ക് കടമെടുത്തത്.
യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽ നിന്ന് 300 ദശലക്ഷം യൂറോയും ജർമൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽനിന്ന് 500 ദശലക്ഷം യൂറോയുമാണ് അനുവദിച്ചത്. രണ്ട് ബാങ്കുകളുമായും സബർബൻ പദ്ധതിയുടെ നിർമാണം നടത്തുന്ന കർണാടക റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കമ്പനി (കെ.റൈഡ്) കരാറിൽ ഒപ്പുവെച്ചു. പദ്ധതിയുടെ കോറിഡോർ ഒന്നിലെ (കെ.എസ്.ആർ. ബംഗളൂരു-യെലഹങ്ക-ദേവനഹള്ളി ലൈൻ) പ്രവൃത്തികൾക്കായാണ് യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിൽനിന്നുള്ള വായ്പ ഉപയോഗിക്കുക.പ്രവൃത്തികൾ പൂർത്തിയാകുന്നതിന്റെ അടിസ്ഥാനത്തിലാണ് തുക കെ. റെയിലിന് ലഭിക്കുക. 15,767 കോടി രൂപ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നതാണ് ബംഗളൂരു സബർബൻ റെയിൽവേ പദ്ധതി.
ഇതിന്റെ 60 ശതമാനം തുക വിദേശവായ്പയായി ലഭിച്ചു. ബാക്കി 40 ശതമാനം തുക കേന്ദ്ര-സംസ്ഥാന സർക്കാറുകളുടേതാണ്. നാല് ഇടനാഴികളായി നഗരത്തിൽ 149 കിലോമീറ്റർ റെയിൽപ്പാതയാണ് നിർമിക്കുക. ഇടനാഴി രണ്ടിലെ (ബെന്നിഗാനഹള്ളി-ചിക്കബാനവാര) അടിസ്ഥാന പ്രവൃത്തികൾക്ക് മാത്രമാണ് ഇതുവരെ തുടക്കമിടാനായത്. ഇത് 2028ലേക്ക് നീണ്ടേക്കാമെന്നാണ് ഇപ്പോഴത്തെ സൂചന. 64 സ്റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.