വിദേശ സംഭാവന ഡൽഹി വഴി: ഉത്തരവിറങ്ങി
text_fieldsന്യൂഡൽഹി: വിദേശ സംഭാവന തേടുന്ന എല്ലാ സന്നദ്ധ സംഘടനകളും (എൻ.ജി.ഒ) മാർച്ച് 31നകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹി മെയിൻ ബ്രാഞ്ചിൽ അക്കൗണ്ട് തുറക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. പാർലമെൻറ് സമ്മേളനത്തിൽ വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) ഭേദഗതി ബിൽ പാസാക്കിയിരുന്നു. അതനുസരിച്ചുള്ള ഭരണനടപടിയാണിത്.
അക്കൗണ്ട് തുറക്കാൻ ഡൽഹിയിൽ വരേണ്ടതില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതതു സ്ഥലത്ത് ഉള്ളതടക്കം ഏതെങ്കിലും എസ്.ബി.ഐ ശാഖയെ സമീപിച്ചാൽ അവർ മുഖേന ഡൽഹി ബ്രാഞ്ചിൽ അക്കൗണ്ട് തുറക്കാം.
എഫ്.സി.ആർ.എക്കു കീഴിൽ രജിസ്റ്റർ ചെയ്ത എൻ.ജി.ഒകൾക്ക് 2021 ഏപ്രിൽ ഒന്നുമുതൽ മറ്റൊരു ബാങ്ക് മുഖേനയും വിദേശ സംഭാവന സ്വീകരിക്കാൻ കഴിയില്ല. എഫ്.സി.ആർ.എക്കു കീഴിൽ രാജ്യത്ത് 22,434 എൻ.ജി.ഒകൾ പ്രവർത്തിക്കുന്നുണ്ട്. ഈ നിയമത്തിനു കീഴിൽ രജിസ്റ്റർ ചെയ്ത വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ മാർച്ച് 31നകം എസ്.ബി.ഐ ഡൽഹി ശാഖയിൽ അക്കൗണ്ട് തുറക്കണം. മറ്റേതു ബാങ്കിലുമുള്ള നിലവിലെ എഫ്.സി.ആർ.എ അക്കൗണ്ട് നിലനിർത്താം. ഈ അക്കൗണ്ട് അവർക്ക് പുതുതായി തുറക്കുന്ന ഡൽഹി എസ്.ബി.ഐ അക്കൗണ്ടുമായി ബന്ധിപ്പിക്കാം.
വിദേശത്തുനിന്നു കിട്ടുന്ന പണം, ഏതു സ്രോതസ്സിൽനിന്നു കിട്ടുന്നു തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തേണ്ടതുണ്ട്. എഫ്.സി.ആർ.എ പ്രകാരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റോ മുൻകൂർ അനുമതിയോ ആവശ്യമുള്ള അപേക്ഷകർ ആദ്യം ഡൽഹി എസ്.ബി.ഐയിൽ എഫ്.സി.ആർ.എ അക്കൗണ്ട് തുറക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു. വിദേശ ഫണ്ട് നിശ്ചിത അക്കൗണ്ടിലേക്ക് മാറ്റുന്നതിന് എസ്.ബി.ഐ ഡൽഹി ശാഖ പ്രത്യേക ഫീസ് ഈടാക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.