താജ്മഹലിനെ അവഗണിക്കുന്നത് മുസ് ലിംകൾ പണിതത് കൊണ്ടോ?
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ വലിയ വിനോദ സഞ്ചാര കേന്ദ്രമായ താജ് മഹലിനെ ഉത്തർപ്രദേശ് സർക്കാർ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. ദേശീയ മാധ്യമങ്ങളെ കൂടാതെ വിദേശ മാധ്യമങ്ങളും താജ് സംരക്ഷിക്കുന്നതിൽ യു.പി സർക്കാർ പുലർത്തുന്ന അലംഭാവത്തിനെതിരെ രംഗത്തു വന്നു. മുസ് ലിം ഭരണാധികാരി നിർമിച്ചത് കൊണ്ടാണോ താജ് മഹലിനെ ഭരണകൂടം അവഗണിക്കുന്നത് വിദേശമാധ്യമങ്ങൾ ചോദിക്കുന്നു.
തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായതിന് പിന്നാലെ സംസ്ഥാന ടൂറിസത്തെ കുറിച്ച് വിവരിക്കുന്ന ഔദ്യോഗിക കൈപുസ്തകത്തിൽ നിന്ന് താജ് മഹലിനെ കുറിച്ചുള്ള ഭാഗം നീക്കം ചെയ്തിരുന്നു. കൂടാതെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണത്തിന്‍റെ ഭാഗമായി താജ് മഹലിന് നൽകുന്ന ധനസഹായം സർക്കാർ നിർത്തുകയും ചെയ്തു. യു.പി സർക്കാറിന്‍റെ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ടൂറിസം കൈപുസ്തകത്തിൽ നിന്ന് താജ് മഹലിനെ ഒഴിവാക്കിയത് 'ഹാംലെറ്റ്' ഇല്ലാത്ത വില്യം ഷേക്സ്പിയറുടെ 'ഹാംലെറ്റ് പ്രിൻസ് ഒാഫ് ഡെൻമാർക്ക്' എന്ന പുസ്തകം പോലെയെന്നാണ് കോൺഗ്രസ് വ്യക്താവ് മനു അഭിഷേക് സിങ്വി പ്രതികരിച്ചത്. യു.പി സർക്കാറിന്‍റെ നടപടിയെ മതധ്രുവീകരണമാണെന്നും സിങ്വി ചൂണ്ടിക്കാട്ടി.
യുനെസ്കോയുടെ ലോകാത്ഭുത പട്ടികയിൽ ഏഴാം സ്ഥാനത്തുള്ളതാണ് വെള്ള മാർബിളിൽ അഗ്രയിൽ പണിതീർത്ത താജ്മഹൽ. 17-ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാൻ പത്നി മുംതാസ് മഹലിന്‍റെ ഒാർമയ്ക്കായാണ് യമുനാ നദീതീരത്ത് കുടീരം നിർമിച്ചത്. ഇന്തോ-ഇസ് ലാമിക് വാസ്തുശിൽപ കലയുടെ ഉത്തമ ഉദാഹരണമായും താജ് മഹലിനെ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നു. യമുനാ നദീതീരത്തെ വൻകിട ഫാക്ടറികളിൽ നിന്നുള്ള പുക മലിനീകരണത്തെ തുടർന്ന് വെള്ള മാർബിളിൽ നിർമിച്ചിട്ടുള്ള താജ് മഹലിന് കറുത്ത പുള്ളികൾ വീഴുന്നതായി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.