വിദേശമന്ത്രിമാർ എത്തി; ജി20 ഉച്ചകോടി ഇന്ന്
text_fieldsന്യൂഡൽഹി: ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 വിദേശമന്ത്രി ഉച്ചകോടി വ്യാഴാഴ്ച നടക്കും. പങ്കെടുക്കുന്ന വിദേശമന്ത്രിമാർ ബുധനാഴ്ച എത്തിത്തുടങ്ങി. വ്യാഴാഴ്ചയാണ് പ്രധാന ചർച്ചകൾ നടക്കുക. ജി20 അംഗരാജ്യങ്ങളിലെയും അധ്യക്ഷത വഹിക്കുന്ന ഇന്ത്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തുന്ന രാജ്യങ്ങളിലെയുമടക്കം 40 ഓളം വിദേശമന്ത്രിമാരാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. ഉച്ചകോടിയിലെ സംയുക്ത പ്രസ്താവനയുടെ കാര്യത്തിൽ പൊതുധാരണയിലെത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കെ, ഫലം മുൻ കൂട്ടി പറയാനാവില്ലെന്ന അഭിപ്രായവുമായി വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര. യുക്രെയ്ൻ പ്രതിസന്ധി ഉച്ചകോടിയിൽ പ്രധാന ചർച്ചയാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ പ്രതിസന്ധിയുടെ പശ്ചത്തലത്തിൽ റഷ്യ-ചൈന കൂട്ടുകെട്ട് ഒരുഭാഗത്തും യു.എസ്-പാശ്ചാത്യരാജ്യങ്ങൾ മറുഭാഗത്തും നിലയുറപ്പിക്കുന്നതിനാൽ ജി20 വിദേശമന്ത്രി ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയുടെ കാര്യത്തിൽ പൊതുധാരണ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. അതേക്കുറിച്ച് ഒന്നും പറയാൻ തയാറാവാതിരുന്ന ക്വത്ര ആഗോള സാഹചര്യത്തിൽ പ്രസക്തമായ എല്ലാ വിഷയങ്ങളും ചർച്ചക്ക് വരുമെന്ന് വ്യക്തമാക്കി.
‘യുക്രെയ്ൻ പ്രതിസന്ധിയുടെ നിലവിലെ സാഹചര്യം വെച്ച് തീർച്ചയായും അത് പ്രധാന ചർച്ചാവിഷയമാവും. എന്നാൽ, ഉച്ചകോടിയുടെ ഫലം മുൻകൂട്ടി പറയാൻ എനിക്കാവില്ല’ -ക്വത്ര പറഞ്ഞു.
ബംഗളൂരുവിൽ നടന്ന ജി20 ധനമന്ത്രിമാരുടെയുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിലെ ധാരണപ്രകാരം തയാറാക്കിയ ജി20 ചെയേഴ്സ് സമ്മറി ആൻഡ് ഡോക്യുമെന്റിലെ ചില കാര്യങ്ങൾ അംഗീകരിക്കാൻ റഷ്യയും ചൈനയും ഒരുക്കമല്ലാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ അവരാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.