വിക്രം മിസ്രി പുതിയ വിദേശ സെക്രട്ടറി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പുതിയ വിദേശ സെക്രട്ടറിയായി മോദി സർക്കാറിന്റെ ഉപ ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന വിക്രം മിസ്രി ചുമതലയേറ്റു. ഇന്ത്യൻ ഫോറിൻ സർവിസിൽ 1989 ബാച്ചുകാരനായ മിസ്രി സ്ഥാനമൊഴിയുന്ന വിദേശ സെക്രട്ടറി വിനയ് ക്വത്റയിൽനിന്ന് ചുമതലയേറ്റുവാങ്ങി. രാജ്യസുരക്ഷയിൽ മിസ്രിക്കുള്ള നൈപുണ്യം പരിഗണിച്ചാണ് ദേശീയ സുരക്ഷ കൗൺസിലിൽനിന്ന് വിദേശ മന്ത്രാലയത്തിലേക്കുള്ള നിയമനം.
ജമ്മു-കശ്മീരിലെ ശ്രീനഗറിൽ ജനിച്ച വിക്രം അവിടെയും ഉദ്ദംപൂരിലും ഗ്വാളിയറിലുമായി സ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷം ഡൽഹി ഹിന്ദു കോളജിൽനിന്ന് ചരിത്ര ബിരുദവും ജാംഷഡ്പൂരിൽ നിന്ന് എം.ബി.എയും നേടി. ഹിന്ദി, ഇംഗ്ലീഷ്, കശ്മീരി, ഫ്രഞ്ച് ഭാഷകളറിയാം. കേന്ദ്ര സർവിസിലെത്തുന്നതിനുമുമ്പ് പരസ്യമേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. ഡോളി മിസ്രിയാണ് ഭാര്യ. മക്കളില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിൽ ജോയന്റ് ഡയറക്ടറായി പ്രവർത്തിച്ച മിസ്രി, മോദി അടക്കം മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മുൻ പ്രധാനമന്ത്രിമാരായ ഐ.കെ. ഗുജ്റാൾ, മൻമോഹൻ സിങ് എന്നിവരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
ഐ.കെ ഗുജ്റാളും പ്രണബ് മുഖർജിയും വിദേശ മന്ത്രിമാരായിരുന്നപ്പോൾ മന്ത്രാലയത്തിൽ പാക് ഡെസ്കിന്റെ ചുമതലയുമുണ്ടായിരുന്നു. ബ്രസൽസ്, തുനീസ്, ഇസ്ലാമാബാദ്, വാഷിങ്ടൺ ഡി.സി, സ്പെയിൻ, മ്യാന്മർ, ചൈന എന്നിവിടങ്ങളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിലും സേനമനുഷ്ഠിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.