‘‘ഈ ‘പപ്പു’വിനെ വിദേശികൾക്കറിയില്ല, ഇന്ത്യൻ ഐക്യത്തിന് അപകടകാരി’’ -രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു
text_fieldsയു.കെ സന്ദർശനത്തിലുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. രാഹുൽ കേംബ്രിഡ്ജിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു വിമർശനം. രാഹുൽ ഇന്ത്യയുടെ ഐക്യത്തിന് അത്യന്തം അപകടകാരിയാണെന്നും രാജ്യത്തെ വിഭജിക്കാൻ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘ഈ സ്വയം പ്രഖ്യാപിത കോൺഗ്രസ് രാജകുമാരൻ എല്ലാ പരിധികളും ലംഘിക്കുകയാണ്. ഇയാൾ ഇന്ത്യയുടെ ഐക്യത്തിന് അങ്ങേയറ്റം അപകടകാരിയായി മാറിയിരിക്കുന്നു. ഇപ്പോൾ ഇന്ത്യയെ വിഭജിപ്പിക്കാൻ ആളുകളെ പ്രകോപിപ്പിക്കുകയാണ്. 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' എന്നത് മാത്രമാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയനും ബഹുമാന്യനുമായ പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ മന്ത്രം’’, അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മറ്റൊരു പോസ്റ്റിൽ ഇങ്ങനെ കുറിച്ചു, ‘‘രാഹുൽ ഗാന്ധി ‘പപ്പു’വാണെന്ന് ഇന്ത്യയിലെ ജനങ്ങൾക്കറിയാം. എന്നാൽ, അദ്ദേഹം യഥാർഥത്തിൽ പപ്പുവാണെന്ന് വിദേശികൾക്ക് അറിയില്ല. അദ്ദേഹത്തിന്റെ വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളോട് പ്രതികരിക്കേണ്ട ആവശ്യമില്ല, പക്ഷെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ഇന്ത്യാ വിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യുന്നന്നതാണ് പ്രശ്നം’’.
കേംബ്രിഡ്ജ് സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇന്ത്യയിൽ ജനാധിപത്യത്തിന്റെ ചട്ടക്കൂട് പരിമിതമായിക്കൊണ്ടിരിക്കുകയാണെന്നും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടന ആക്രമിക്കപ്പെടുന്നുവെന്നും രാഹുൽ കേംബ്രിഡ്ജ് പ്രസംഗത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുന്നു. അത് പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് തങ്ങൾ. എന്റെ ഫോണിൽ പെഗസസ് ചാര സോഫ്റ്റ്വെയർ ഉണ്ട്. വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുടെ ഫോണിലും ഇതുണ്ട്. കേന്ദ്രസർക്കാർ മാധ്യമങ്ങളെയും ജുഡീഷ്യറിയെയും പിടിച്ചെടുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെയും ദലിതുകളെയും നിരീക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
രാഹുൽ ഗാന്ധിയുടെ പ്രഭാഷണത്തിന്റെ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതിന് പിന്നാലെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടക്കമുള്ള ബി.ജെ.പി നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 'ആദ്യം വിദേശ ഏജന്റുമാർ നമ്മുടെ രാജ്യത്തെ ലക്ഷ്യമിട്ടു. ഇപ്പോൾ നമ്മുടെ സ്വന്തം ആളുകൾ വിദേശത്ത് നമ്മെ ലക്ഷ്യമിടുന്നു എന്നായിരുന്നു വിമർശനം. രാഹുലിന്റെ പ്രഭാഷണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്താനുള്ള ധിക്കാരപരമായ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.