കാട്ടുതീ പടർന്നു പിടിക്കുന്നു: രണ്ട് പതിറ്റാണ്ടുകൾക്കിടെ ആവൃത്തിയും തീവ്രതയും വർധിച്ചതായി പഠനം
text_fieldsന്യൂഡൽഹി: രാജ്യത്ത് രണ്ട് പതിറ്റാണ്ടുകൾക്കിടെ കാട്ടുതീയുടെ ആവൃത്തിയും തീവ്രതയും വർധിച്ചതായി പഠനം. കാട്ടുതീ രൂപപ്പെടുന്ന മാസങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഊർജ്ജ-പരിസ്ഥിതി- ജല കൗൺസിൽ (സി.ഇ.ഇ.ഡബ്ല്യു) പുറത്തിറക്കിയ പഠനറിപ്പേർട്ടിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാട്ടുതീ വ്യാപനത്തിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 62ശതമാനം പ്രദേശങ്ങളിലും കാട്ടുതീ വ്യാപന സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.
ഒരു മാസത്തിനിടെ ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കാട്ടുതീ റിപ്പോർട്ട് ചെയ്തിരുന്നു. രാജസ്ഥാനിലെ സരിസ്ക കടുവാ സങ്കേതത്തിൽ മാർച്ചിലാണ് തീപിടുത്തം റിപ്പോർട്ട് ചെയ്തത്. 10 ചതുരശ്ര കിലോമീറ്ററാണ് തീ വ്യാപിച്ചത്. തീപിടുത്തം കാലോചിതമല്ലെന്ന് പരാമർശങ്ങൾ ഉയർന്നിരുന്നു. ഉയർന്ന താപനില മൂലമാണ് തീ കൂടുതൽ പ്രദേശത്തേക്ക് വ്യാപിച്ചതെന്നാണ് നിഗമനം.
അസം, ആന്ധ്രപ്രദേശ്, ഛത്തിസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കാട്ടുതീ വ്യാപന സാധ്യത കൂടുതലുള്ള പ്രദേശങ്ങൾ. മെയു മുതൽ ജൂൺ വരെയുള്ള വേനൽ കാലയളവിലായിരുന്നു മുൻപ് കാട്ടുതീ റിപ്പോർട്ട് ചെയ്കതിരുന്നത്. കാലാവസ്ഥയിലുണ്ടാ മാറ്റങ്ങൾ മൂലം മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിലും കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും സി.ഇ.ഇ.ഡബ്ല്യു പ്രോഗ്രാം ലീഡറായ അഭിനാഷ് മോഹാൻത്രി പറഞ്ഞു. 2019ൽ ഇന്ത്യൻ ഫോറസ്റ്റ് സർവേ നടത്തിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 36 ശതമാനം വനമേഖലകളും കാട്ടുതീ ഭീഷണി നേരിടുന്നവയാണ്. സി.ഇ.ഇ.ഡബ്ല്യു റിപ്പോർട്ട് പ്രകാരം രാജ്യത്തെ 75 ശതമാനം ജില്ലകളും കടുത്ത കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുള്ളവയാണ്. 30ശതമാനം വനമേഖലകളും കാട്ടുതീ തീവ്രമായ കാട്ടുതീ ഭീഷണി നേരിടുന്നവയാണെന്നും വ്യക്തമാക്കുന്നു.
രണ്ട് പതിറ്റാണ്ടിനിടെ മിസോറാമിലാണ് കൂടുതൽ കാട്ടുതീ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സംസ്ഥാനത്തെ 95 ശതമാനം വനമേഖലയും കാട്ടുതീ പടരാൻ സാധ്യതയുള്ളതാണെന്നും പഠനം വ്യക്തമാക്കുന്നു.
മുൻപ് പ്രളയബാധിതമായ പ്രദേശങ്ങൾ നിലവിൽ വരൾച്ച ഭീഷണി നേരിടുന്നതായും പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഈ മാറ്റങ്ങൾക്ക് പിന്നിൽ. ഒഡീഷയിലെ കന്ധാമൽ, മധ്യപ്രദേശിലെ ഷൂപൂർ, ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗർ, ആന്ധ്രാപ്രദേസിലെ ഈസ്റ്റ് ഗോദാവരി എന്നീ പ്രദേശങ്ങളും പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാട്ടുതീയെ പ്രകൃതി ദുരന്തമായി കണക്കാക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് (എൻ.ഡി.എം.എ) കീഴിൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
ചുഴലിക്കാറ്റ്, പ്രളയം, ഭൂമികുലുക്കം എന്നിവയെ പോലെ കാട്ടുതീ പ്രകൃതി ദുരന്തമായി കണക്കാക്കപ്പെട്ടിട്ടില്ല. അതിനാൽ നിലവിൽ കാട്ടുതീയണക്കുന്നതും ഇത് സംബന്ധിച്ച പരിപാലനവും സുരക്ഷയും വനംവകുപ്പിന് കീഴിലാണ് വരുന്നത്. എന്നാൽ ഈ വകുപ്പുകൾക്ക് കീഴിൽ ആവശ്യമായ ഉദ്യോഗസ്ഥരില്ലെന്നത് വെല്ലുവിളിയാണെന്നും പഠനത്തിൽ പറയുന്നു. കാട്ടുതീയെ പ്രകൃതി ദുരന്തമാക്കി എൻ.ഡി.എം.എക്ക് കീഴിൽ നിയന്ത്രണം വരുന്നതോടെ ഇത് തടയാൻ സാമ്പത്തിക സഹായവും ലഭ്യമാകുമെന്നും സി.ഇ.ഇ.ഡബ്ല്യു റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.