കാട്ടുതീ: മരണം 11, രക്ഷപ്പെട്ടത് 25 പേർ
text_fieldsതേനി (തമിഴ്നാട്): കേരള-തമിഴ്നാട് അതിർത്തിയിലെ കൊളുക്കുമല സന്ദര്‍ശിച്ചു മടങ്ങിയ കോളജ് വിദ്യാര്‍ഥികളടങ്ങുന്ന ട്രക്കിങ് സംഘം കാട്ടുതീയില്‍ അകപ്പെട്ട ദാരുണസംഭവത്തിൽ മരിച്ചത് ഏഴ് വനിതകളടക്കം 11 പേർ. കന്യാകുമാരി സ്വദേശി വിപിൻ ദാമോദരൻ (29), ഇൗറോഡ് സ്വദേശി തമിഴ്ശെൽവൻ തങ്കരാജ് (26), കുംഭകോണം സ്വദേശി അഖില കൃഷ്ണമൂർത്തി (26), കടലൂർ സ്വദേശിനി ശുഭ ശെൽവരാജ് (26), ചെന്നൈ പൂനമല്ലി സ്വദേശി അരുൺ പ്രഭാകർ (35), ചെന്നൈ ശ്രീപെരുമ്പത്തൂർ സ്വദേശി പുനിത ബാലാജി (25), മധുര സ്വദേശി ഹേമലത (28), ഇൗറോഡ് സ്വദേശി ദിവ്യ മുത്തുകുമാർ (25), ഇൗറോഡ് സ്വദേശി വിവേക് (28), ഭാര്യ മധുര സ്വദേശി ദിവ്യ, ചെെന്നെ സ്വദേശി നിഷ അരുളൊഴി (30) എന്നിവരാണ് മരിച്ചത്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. പൊള്ളലേറ്റ് അതിഗുരുതരാവസ്ഥയിലായ മൂന്നുപേരടക്കം 25 പേർ മധുരയിലെയും തേനിയിലെയും മെഡിക്കൽ കോളജുകളിൽ ചികിത്സയിലാണ്. തേനി ജില്ലയിലെ കൊരങ്ങിണി വനത്തിൽ പടർന്ന തീയിൽ ഞായറാഴ്ചയാണ് 36 അംഗസംഘം അകപ്പെട്ടത്. ഹെലികോപ്ടർ ഉപയോഗിച്ചും മറ്റും 25 പേരെ രക്ഷപ്പെടുത്തി. മൂന്നുപേർ മലകയറ്റത്തിെൻറ തുടക്കത്തിൽ തന്നെ പിൻവാങ്ങിയിരുന്നു. 20 മണിക്കൂറിനുശേഷമാണ് കാട്ടുതീ നിയന്ത്രണവിധേയമായത്. െചങ്കുത്തായ പ്രദേശത്ത് രക്ഷാപ്രവർത്തനം പ്രയാസമായതിനാൽ വ്യോമസേന കമാൻഡർമാർ ഉൾപ്പടെ എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായാണ് തീ തീർത്തും നിയന്ത്രണ വിധേയമാക്കാനായത്.
ശനിയാഴ്ച കോയമ്പത്തൂർ ഇൗറോഡിൽനിന്ന് പുറപ്പെട്ട െഎ.ടി ജീവനക്കാരും വിനോദസഞ്ചാരികളും വിദ്യാർഥിനികളും ഉൾപ്പെട്ട സംഘം ഞായറാഴ്ച ഉച്ചക്കുശേഷം കൊളുക്കുമലയില്‍നിന്ന് കൊരങ്ങിണി വഴി തമിഴ്‌നാട്ടിലേക്ക് തിരികെ പോരവെയാണ് കാട്ടുതീയില്‍ അകപ്പെട്ടത്. തീ പടര്‍ന്നതോടെ സംഘം ചിതറിയോടി. നിരവധി പേർക്ക് വീണ് പരിക്കേറ്റു. പൊള്ളലേറ്റും കൊക്കയിൽ വീണ് പരിക്കേറ്റുമാണ് മരണമെന്നാണ് വിവരം.
ഞായറാഴ്ച രാത്രി വൈകിയും തേനി കലക്ടറും പൊലീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തെങ്കിലും ഇരുട്ടും പുകയും ഭൂമിയുടെ പ്രത്യേകതയും കാരണം രക്ഷാപ്രവർത്തനം സാധ്യമായില്ല. വ്യോമസേന ഹെലികോപ്ടർ എത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇറങ്ങാനായില്ല. തുടർന്ന് തിങ്കളാഴ്ച പുലർച്ചയാണ് ഫലപ്രദമായി രക്ഷാപ്രവർത്തനം നടന്നത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം നേതൃത്വം നൽകി. ലോകവനിത ദിനവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് സ്വകാര്യ ട്രക്കിങ് പരിശീലന കേന്ദ്രം മുഖേനയാണ് 36 അംഗസംഘം തേനിയിലെത്തിയത്.
ആരും ഉണ്ടായില്ല കൈപിടിക്കാൻ; നിസ്സഹായരായി സഞ്ചാരികൾ
മൂന്നാര്‍: നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ആവശ്യത്തിന് ഗൈഡുമാരോ വേണ്ട സുരക്ഷ സംവിധാനമോ ഇല്ലാതെയാണ് കൊരങ്ങിണി വനത്തിലേക്ക് പതിവായി ട്രക്കിങ്. ഞായറാഴ്ച ദുരന്തമുണ്ടായപ്പോഴും ഇത് ആവർത്തിച്ചു. കൊരങ്ങിണി മലയിലുണ്ടായ തീയില്‍ അകപ്പെട്ട വിനോദസഞ്ചാര സംഘത്തിനൊപ്പവും പരിചയസമ്പന്നരായ ഗൈഡില്ലായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പ് കൊളുക്കുമല സന്ദര്‍ശിച്ച ചെന്നൈ സ്വദേശിയായ ചെറുപ്പക്കാരനാണ് ഇവരെ മലയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മുന്‍പരിചയമില്ലാത്തതിനാല്‍ കാട്ടുതീ ഇരുവശത്തുനിന്ന് പടര്‍ന്നപ്പോള്‍ എവിടേക്കാണ് ഓടി രക്ഷപ്പെടേണ്ടതെന്ന് അറിയാതെപോയി. അപകടത്തിൽപെട്ടവർക്ക് നിലവിളിക്കാനല്ലാതെ ഒന്നിനുമായില്ല. നിർദേശം നൽകാനോ കൈപിടിക്കാനോ ആരും ഉണ്ടായിെല്ലന്ന് ഇരയായവർ സങ്കടപ്പെടുന്നു.
അപകടത്തില്‍ മരിച്ചവരുടെ എണ്ണവും വിവരങ്ങളുമടക്കം പുറത്തുവിടാതെ ആദ്യം തമിഴ്നാട് സര്‍ക്കാര്‍ മൂടിെവച്ചതും കയറിപ്പോയത് എത്രപേരടങ്ങുന്ന സംഘമാണെന്ന് അറിയാത്തതിനാലാണ്. ട്രക്കിങ്ങിന് പങ്കെടുക്കുന്നവര്‍ക്ക് കാട്ടില്‍ സഞ്ചരിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ ഇവര്‍ക്കൊപ്പമെത്തുന്നവര്‍ സംവിധാനം ഒരുക്കേണ്ടതുണ്ട്. എത്രദിവസമാണ് സന്ദര്‍ശകര്‍ കാട്ടില്‍ തങ്ങുന്നതെന്ന് ബന്ധപ്പെട്ടവരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണം. എന്നാല്‍, ഇത്തരം മുന്‍കരുതലുകള്‍ വിദ്യാർഥികളെ കൊണ്ടുപോയിരുന്നവര്‍ പാലിക്കാത്തതാണ് അപകടത്തിെൻറ വ്യാപ്തി കൂട്ടിയത്.
കഴിഞ്ഞ സീസണില്‍ മാത്രം തമിഴ്നാട്ടില്‍നിന്ന് കൊളുക്കുമലക്ക് സമീപത്തെ മീശപ്പുലിമല സന്ദര്‍ശിക്കാന്‍ അനധികൃതമായി കയറിയവരുടെ എണ്ണം ഒരു ലക്ഷത്തിലും അധികമാണ്. രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലാണ് തമിഴ്നാട് വനംവകുപ്പിെൻറ പ്രവര്‍ത്തനം. കേരളത്തിെൻറ ഭാഗത്തുനിന്ന് കര്‍ശന വിലക്കും സുരക്ഷമാനദണ്ഡങ്ങളും നിലനില്ക്കുമ്പോള് ഒരു നിയന്ത്രണവുമില്ലാതെ സഞ്ചാരികളെ മലമുകളിലേക്ക് കയറ്റിവിടുന്ന തമിഴ്നാട് നടപടിക്കെതിരെ പ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യമാണ് നിലവിലെ ദുരന്തത്തിലേക്ക് നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.