സുപ്രീംകോടതി ഉത്തരവ് കടന്നുകയറ്റം –ദുഷ്യന്ത് ദവെ
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമവും 'ലവ് ജിഹാദ്' ഒാർഡിനൻസുകളും മരവിപ്പിക്കാതെ കർഷക നിയമം സ്റ്റേ ചെയ്ത സുപ്രീംകോടതി ഉത്തരവ് അധികാരമില്ലാത്ത മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ദുഷ്യന്ത് ദവെ. സുപ്രീംകോടതി നടപടിയെ രൂക്ഷമായി വിമർശിച്ച് 'ദി ടെലഗ്രാഫ്' പത്രത്തിന് അഭിമുഖം നൽകിയതിന് പിറകെ ബാർ അസോസിയേഷൻ പ്രസിഡൻറ് സ്ഥാനം ദവെ രാജിവെക്കുകയും ചെയ്തു.
ഒരു നിയമം ഭരണഘടനാവിരുദ്ധമാണെങ്കിൽ അത് സ്റ്റേ ചെയ്യാൻ കോടതിക്ക് അധികാരമുണ്ട്. എന്നാൽ അതേ കോടതി 2019 ഡിസംബറിലും 2020 ജനുവരിയിലും പൗരത്വഭേദഗതി നിയമം സ്റ്റേ ചെയ്യാതിരുന്നത് മൂലം നിരവധി ജീവനുകൾ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് സ്വത്തുവഹകൾ നശിപ്പിക്കപ്പെട്ടു. ചീഫ് ജസ്റ്റിസ് നയിക്കുന്ന ബെഞ്ച് കേവലം ഒരാഴ്ച മുമ്പ് 'ലവ് ജിഹാദു'മായി ബന്ധപ്പെട്ട് ഉത്തർപ്രദേശും മറ്റു സംസ്ഥാനങ്ങളും കൊണ്ടുവന്ന ഒാർഡിനൻസുകൾ സ്റ്റേ ചെയ്യാൻ തയാറായില്ല. അത് മൂലം നിരവധിയാളുകൾ ജയിലുകളിലടക്കപ്പെട്ടു.
2019 ഡിസംബറിൽ അടിയന്തരമായി കോടതി വിളിച്ചുചേർത്ത് പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട് താൻ പരസ്യമായി പത്രത്തിലൂടെ എഴുതിയിട്ടും അദ്ദേഹം അത് കേൾക്കാൻ തയാറായില്ല.
കർഷകസമര കേസിൽ ചൊവ്വാഴ്ചത്തെ സുപ്രീംകോടതി വാദം കേൾക്കൽ അതിശയിപ്പിക്കുന്നതായിരുന്നുവെന്ന് ദവെ പറഞ്ഞു. ഉത്തരവ് പുറപ്പെടുവിക്കുകയാണ് അന്നത്തെ നടപടിയെന്ന് സുപ്രീംകോടതി കേസ് പട്ടികയിൽ വ്യക്തമാക്കിയ ശേഷം ചീഫ് ജസ്റ്റിസിെൻറ ബെഞ്ച് അന്ന് വാദം കേട്ടതിലൂെട തനിക്കും മറ്റു ചില പ്രധാന അഭിഭാഷകർക്കും വാദിക്കാനായില്ല. എട്ട് പ്രാവശ്യം ചർച്ച നടത്തിയിട്ടും ഫലമുണ്ടാകാത്തപ്പോൾ സുപ്രീംകോടതി കമ്മിറ്റി എന്താണ് ചെയ്യാൻ പോകുന്നതെന്നും ദവെ ചോദിച്ചു.
അതിനിടെ സുപ്രീംകോടതി ബാർ അസോസിയേഷൻ നിർവാഹക സമിതിയുടെ കാലാവധി കഴിഞ്ഞതിനാൽ പ്രസിഡൻറ് സ്ഥാനത്ത് തുടരാൻ തനിക്ക് അർഹതയില്ലെന്ന് വ്യക്തമാക്കി ദുഷ്യന്ത് ദവെ തൽസ്ഥാനം രാജിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.