പെരുന്നാൾ ആഘോഷം മറന്ന് ട്രെയിൻ ദുരന്തസ്ഥലത്ത് അവർ ഓടിയെത്തി, സ്വന്തം വാഹനങ്ങൾ ആംബുലൻസുകളായി...
text_fieldsകൊൽക്കത്ത: ബലിപെരുന്നാൾ ദിനത്തിൽ ആഘോഷത്തിനൊരുങ്ങിയ നിർമൽ ജോട്ട് ഗ്രാമവാസികൾക്ക് ആ ദിവസം ലഭിച്ചത് മറ്റൊരു നിയോഗമായിരുന്നു. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയ അവർ ഒമ്പത് മണിയോടെ വൻശബ്ദം കേട്ട് പുറത്തേക്കോടിയപ്പോൾ കണ്ടത് ട്രെയിൻ പാളംതെറ്റിക്കിടക്കുന്ന കാഴ്ചയായിരുന്നു. നിമിഷങ്ങൾക്കകം ഓരോ വീട്ടുകാരും ദുരന്തസ്ഥലത്തെത്തി.
പൊലീസും ദുരന്ത നിവാരണ സേനയുമെല്ലാം എത്തുംമുമ്പ് 150ലധികം പേരായിരുന്നു രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്. അപകടത്തിനിരയായവരെ ഓരോന്നായി പുറത്തെത്തിച്ച ശേഷം ഇവർ നേരിട്ട പ്രധാന വെല്ലുവിളി ആംബുലൻസ് ലഭിക്കാത്തതായിരുന്നു. സ്വന്തം വാഹനങ്ങളുള്ളവർ വീട്ടിലേക്ക് തിരിച്ചോടി വാഹനങ്ങളുമായാണ് തിരികെവന്നത്. മരിച്ചവരെയും പരിക്കേറ്റവരെയുമെല്ലാം ഇവർ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചു. ചെറിയ പരിക്കേറ്റവർക്കും കുടുങ്ങിക്കിടന്ന യാത്രക്കാർക്കുമെല്ലാം പെരുന്നാൾ ആഘോഷത്തിനൊരുങ്ങിയ അവരുടെ വീടുകൾ അഭയ കേന്ദ്രങ്ങളായി. പൊലീസും ദുരന്ത നിവാരണ സേനയുമെല്ലാം എത്തിയതോടെ രക്ഷാപ്രവർത്തനവും വേഗത്തിലായി.
രാവിലെ ഒമ്പതോടെ സീൽഡയിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തുപേർ മരിക്കുകയും നാൽപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുഡ്സിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ അവഗണിച്ചതാണ് അപകട കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.