അസം മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ അജന്ത നിയോഗ് ബി.ജെ.പിയിലേക്ക്
text_fieldsഗുവാഹത്തി: അസം മുൻ മന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ അജന്ത നിയോഗ് ബി.ജെ.പിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസം സന്ദർശന വേളയിൽ അജന്തയുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം ബി.ജെ.പിയിൽ ചേരുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം അജന്ത അറിയിച്ചു.
'ഞാൻ കോൺഗ്രസിൽ ആയിരുന്നപ്പോൾ പാർട്ടിയുടെ അച്ചടക്കത്തിലായിരുന്നു. അതുകൊണ്ടുതന്നെ എന്‍റെ അഭിപ്രായങ്ങൾ വ്യക്തമായി പ്രകടിപ്പിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ഇനി കോൺഗ്രസ് വിട്ട് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ബി.ജെ.പിയിൽ ചേരും' -അജന്ത പറഞ്ഞു. ഗോലാഘട്ട് മണ്ഡലത്തിൽനിന്ന് നാലുതവണ കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എ ആകുകയും മന്ത്രിയാകുകയും ചെയ്തിരുന്നു അജന്ത.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. മാസങ്ങൾക്ക് മുമ്പ് അജന്ത അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം കൺവീനർ ഹിമാന്ത ബിശ്വ ശർമയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ കോൺഗ്രസിൽനിന്ന് കൂടുതൽ നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി അമിത് ഷാ ശനിയാഴ്ച അസമിൽ എത്തിയിരുന്നു. ബംഗാൾ സന്ദർശനത്തിന്‍റെ അലയൊലികൾ അടങ്ങുംമുേമ്പയാണ് അമിത് ഷായുടെ അസം സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.