അശ്വനികുമാറിെൻറ ആത്മഹത്യയും അമിത് ഷായുടെ അറസ്റ്റും; സോഷ്യൽമീഡിയ അഭ്യൂഹങ്ങളിലെ വാസ്തവമെന്താണ്?
text_fieldsമുൻ സി.ബി.ഐ ഡയറക്ടർ അശ്വനി കുമാറിനെ ഷിംലയിലെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 69കാരനായ അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഒൗദ്യോഗിക വിശദീകരണം. അശ്വനി കുമാർ ആത്മഹത്യ ചെയ്തതാണെന്ന് ഷിംല പൊലീസ് സൂപ്രണ്ട് മോഹിത് ചൗളയും പറഞ്ഞിരുന്നു. ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു.
ഈ ജീവിതത്തിൽ അതിരറ്റ സന്തോഷവാനാണെന്നും അടുത്ത യാത്രക്കൊരുങ്ങുകയാണെന്നുമാണ് കുറിപ്പിലുള്ളത്. കൈയെഴുത്ത് അദ്ദേഹത്തിേൻറതു തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. 2006 മുതൽ 2008 വരെ ഹിമാചൽ പ്രദേശ് ഡി.ജി.പിയായിരുന്ന അശ്വനി കുമാർ പിന്നീട് രണ്ടുവർഷം സി.ബി.ഐ ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. വിവാദമായ ആരുഷി തൽവാർ കൊലക്കേസ് സി.ബി.ഐ അന്വേഷിച്ചത് അശ്വനി ഡയറക്ടറായിരുന്ന വേളയിലായിരുന്നു. 2013 മുതൽ 2014 വരെ നാഗാലാൻഡ് ഗവർണറായിരുന്ന അദ്ദേഹം, ഇക്കാലയളവിൽ കുറച്ചുകാലം മണിപ്പൂർ ഗവർണറുടെ ചുമതലയിലുണ്ടായിരുന്നു.
ആരായിരുന്നു അശ്വനികുമാർ
1973 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അശ്വനി കുമാർ ഹിമാചൽ പോലീസ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, എലൈറ്റ് എസ്പിജി എന്നിവയിൽ നിരവധി ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. 2008 ഓഗസ്റ്റിനും 2010 നവംബറിനുമിടയിൽ സിബിഐയുടെ ഡയറക്ടറായിരുന്നു അദ്ദേഹം. ഗവർണറായി നിയമിതനായ ആദ്യത്തെ സിബിഐ മേധാവിയാണ് അശ്വനി കുമാർ. 2013 മാർച്ചിൽ നാഗാലാൻഡ് ഗവർണറായി നിയമിതനായി. 2013 ൽ അദ്ദേഹം മണിപ്പൂർ ഗവർണറായിരുന്നു. 2014ൽ കുമാർ രാജിവച്ചു. ഷിംലയിലെ സ്വകാര്യ സർവകലാശാലയുടെ വിസി കൂടിയായിരുന്നു അദ്ദേഹം. ഹിമാചൽ പോലീസിെൻറ ഡിജിപിയായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്.
വ്യാജ ഏറ്റുമുട്ടലും അമിത്ഷായുടെ അറസ്റ്റും
അശ്വനികുമാറിെൻറ മരണവാർത്തയറിഞ്ഞ് ചിലരെങ്കിലും നെറ്റിചുളിക്കാൻ കാരണം അദ്ദേഹത്തിെൻറ ധീരമായൊരു നടപടിയാണ്. ഗുജറാത്തിൽ നടന്ന സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കൊലപാതകക്കേസിൽ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷായെ സി.ബി.െഎ അറസ്റ്റ് ചെയ്തപ്പോൾ അശ്വനി കുമാർ അതിെൻറ ഡയറക്ടറായിരുന്നു. അക്കാലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന പി.ചിദംബരത്തെ അടുത്തകാലത്ത് അമിത് ഷാ മന:പ്പൂർവ്വം വേട്ടയാടിയതാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. തന്നെ ജയിലിലടക്കാൻ കാരണമായ ചിദംബരത്തെ ഒരു ദിവസമെങ്കിലും തടവിൽപാർപ്പിക്കാൻ ഇന്ദ്രപ്രസ്ഥത്തിൽ ഗൂഢാലോചന നടന്നതായും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇതിെൻറ ഫലമായി ചിദംബരത്തിന് ജയിൽവാസവും അനുഭവിക്കേണ്ടിവന്നു.
സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ ജഡ്ജിയായിരുന്ന ജസ്റ്റീസ് ലോയയുടെ ദുരൂഹമരണവും ചിലരിലെങ്കിലും അശ്വനികുമാറിനൊപ്പം ചേർത്തുവയ്ക്കുന്നുണ്ട്. കുറച്ചുകാലമായി അശ്വനി കുമാർ വിഷാദരോഗത്തിന് ചികിത്സയിലാണെന്ന് പ്രചരണം നടക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിെൻറ കുടുംബം അത്തരം ഒരു റിപ്പോർട്ടും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹിമാചൽ ഡിജിപി സഞ്ജയ് കുന്ദ്ര പറഞ്ഞു. മരണം സംബന്ധിച്ച് എല്ലാ കോണുകളിൽ നിന്നും അന്വേഷിക്കുകയാണെന്നും പോലീസ് പറയുന്നു.'അദ്ദേഹം മരിച്ചദിവസവും സായാഹ്ന നടത്തത്തിന് പോയിരുന്നു. അതിനുശേഷം പ്രാർഥനയ്ക്കായി വീടിെൻറ മുകളിലത്തെ നിലയിലേക്ക് പോയി. ഏറെനേരം കഴിഞ്ഞും തിരികെ വരാതിരുന്നപ്പോൾ കുടുംബാംഗങ്ങൾ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്'-ഡിജിപി പറയുന്നു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നാൽ മാത്രമെ സത്യം പുറത്തുവരികയുള്ളൂ. മരണകാരണത്തെപറ്റി നിലവിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഉന്നതനായൊ പൊലീസ് ഉദ്യാഗസ്ഥെൻറ മരണം വലിയ ഞെട്ടലാണ് പൊലീസ് വൃത്തങ്ങളിൽ ഉണ്ടാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.