മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരുന്ന എം.എസ് ഗിൽ അന്തരിച്ചു
text_fieldsന്യൂഡൽഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറും കേന്ദ്ര കായിക മന്ത്രിയുമായിരുന്ന മനോഹർ സിങ് ഗിൽ (എം.എസ്. ഗിൽ-86) അന്തരിച്ചു. 1996 ഡിസംബർ-2001 ജൂൺ കാലയളവിലാണ് അദ്ദേഹം കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായത്. രാജ്യത്ത് വോട്ടുയന്ത്രം അവതരിപ്പിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.
രാജ്യം പത്മവിഭൂഷൺ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. 1958ൽ ഐ.എ.എസ് നേടിയ ഗിൽ 2001ൽ വിരമിച്ച ശേഷം കോൺഗ്രസിൽ ചേരുകയും 2004ൽ പഞ്ചാബിൽനിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2016 വരെ രാജ്യസഭാംഗമായിരുന്നു. 2008 മുതൽ 2011 വരെ കേന്ദ്ര മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള കായിക-യുവജനക്ഷേമ മന്ത്രിയായിരുന്നു.
2010ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി, കെടുകാര്യസ്ഥത ആരോപണങ്ങൾ ഗില്ലിന്റെ പ്രതിച്ഛായയെ ബാധിച്ചു. തൊട്ടടുത്ത ജനുവരിയിലെ മന്ത്രിസഭ പുനഃസംഘടനയിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാകാൻ ഇത് കാരണമായി.
രാജ്യ പുരോഗതിയിൽ നിർണായക സംഭാവന അർപ്പിച്ച വ്യക്തിത്വമായിരുന്നു എം.എസ്. ഗിൽ എന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും അനുശോചനം അർപ്പിച്ചു. അമരീന്ദർ സിങ്ങിന് കീഴിൽ 1985-87 കാലയളവിൽ പഞ്ചാബ് കൃഷി സെക്രട്ടറിയായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്. സംസ്കാരം തിങ്കളാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.