ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി കെ. റോസയ്യ അന്തരിച്ചു
text_fieldsഹൈദരാബാദ്: തമിഴ്നാട് മുൻ ഗവർണറും അവിഭക്ത ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കെ. റോസയ്യ അന്തരിച്ചു. ആന്ധ്രയിൽനിന്നുള്ള തലമുതിർന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ്. 88കാരനായ റോസയ്യയെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഹൈദരാബാദിലെ വസതിയിൽനിന്ന് ശനിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്ധ്രയിൽ ഒേട്ടറെ തവണ ധനമന്ത്രി പദത്തിലിരുന്ന റോസയ്യ 16 ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. കെ. വിജയഭാസ്കര റെഡ്ഢി, വൈ.എസ്. രാജശേഖര റെഡ്ഢി തുടങ്ങിയവരുടെയെല്ലാം മന്ത്രിസഭയിൽ അംഗമായിരുന്നു. വൈ.എസ്.ആറിെൻറ അപകടമരണത്തെത്തുടർന്ന് 2009ലാണ്, ധനമന്ത്രിയായിരുന്ന റോസയ്യ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്.
കക്ഷിഭേദമന്യേ ഏറെ ബഹുമാനിക്കപ്പെടുന്ന റോസയ്യ 1933ൽ ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലാണ് ജനിച്ചത്. ആദ്യം ലജിസ്ലേറ്റിവ് കൗൺസിൽ അംഗമായും പിന്നീട് എം.എൽ.എ ആയുമെല്ലാം തെരഞ്ഞെടുക്കപ്പെട്ട റോസയ്യ ഒരുതവണ പാർലമെന്റ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്തുവരുകയും രണ്ടുതവണ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനാവുകയും ചെയ്തു. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായിരുന്നു. തമിഴ്നാട് ഗവർണർ പദവിയിൽനിന്ന് വിരമിച്ചശേഷം വിശ്രമജീവിതത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.