ഉമർ അബ്ദുല്ല ‘ജനങ്ങളെ സ്വാധീനിക്കുന്നു’; മെഹബൂബ ‘ഭീകരവാദികളെ പ്രകീർത്തിച്ചു’
text_fieldsശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലക്കെതിരെ പൊതുസുരക്ഷാ നിയമം (പി.എസ്.എ) ചുമത്തിയത് അദ്ദേഹ ത്തിന് ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവുള്ളതിനാലെന്ന് സർക്കാർ. തീവ്രവാദികളുടെ കർശന നിർേദശങ്ങളെ അവഗണിച്ച് ജനങ്ങളെ പോളിങ് ബൂത്തിൽ എത്തിക്കുന്നതിൽ പ്രതിഫലിക്കുന്നത് ഉമർ അബ്ദുല്ലയുടെ മൗലിക പ്രവർത്തനങ്ങളും ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവുമാണെന്നും അദ്ദേഹം കേന്ദ്ര സർക്കാറിനെതിരെ പൊതുജനത്തെ ഇളക്കി വിടുന്നുവെന്നും പൊലീസ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഉമർ അബ്ദുല്ലയുടെ തടവ് പൊതുസുരക്ഷാ നിയമ പ്രകാരം മൂന്ന് മാസം കൂടി ദീർഘിപ്പിക്കുന്നതിനുള്ള കാരണമായാണ് പൊലീസ് റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ പറയുന്നത്.
മെഹബൂബ മുഫ്തിയെ ‘പിതാവിൻെറ മകൾ’ എന്നാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. ‘ഭീകരവാദികളെ മരണശേഷം പ്രകീർത്തിച്ചു’ എന്നതാണ് മെഹബൂബ മുഫ്തിക്കെതിരായി ചുമത്തിയ കുറ്റം. കൂടാതെ ആർട്ടിക്കിൾ 35എ റദ്ദാക്കിയത് ഭീകരാവസ്ഥ കത്തിപ്പടരുന്നതിലേക്ക് കാരണമാകുമെന്ന് പൊതുറാലിയിൽ പ്രഖ്യാപിച്ചെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. നിലവിൽ ഉമർ അബ്ദുല്ല ഹരി നിവാസിലും മെഹബൂബ മുഫ്തി ശ്രീനഗറിലെ അതിഥി മന്ദിരത്തിലും തടവിലാണ്.
കരുതൽ തടങ്കലിൽ ആറുമാസം പൂർത്തിയാക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി എന്നിവർക്കെതിരെ പൊതുസുരക്ഷ നിയമപ്രകാരം (പി.എസ്.എ) കേസെടുത്തത്. മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്ഥനും ‘ഹരി നിവാസി’ലെത്തി വാറണ്ട് ഉമറിന് കൈമാറുകയായിരുന്നു.
നാഷനൽ കോൺഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗർ, പി.ഡി.പി നേതാക്കളായ സാറ മദനി, നഈം അക്തർ തുടങ്ങിയവർക്കെതിരെയും കേസെടുത്തിരുന്നു. എല്ലാവരും ആഗസ്റ്റ് അഞ്ചുമുതൽ വീട്ടുതടങ്കലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.