ജഡ്ജിമാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മുന്‍ ജഡ്ജി സി.എസ്. കർണൻ അറസ്റ്റിൽ
text_fieldsചെന്നൈ: സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കർണൻ അറസ്റ്റിൽ. വനിതാ ജഡ്ജിമാര്‍ക്കും ജഡ്ജിമാരുടെ ഭാര്യമാര്‍ക്കും എതിരെ മോശം പരാമർശങ്ങൾ നടത്തിയ സംഭവത്തിലാണ് മുന്‍ ജഡ്ജി സി.എസ്. കർണനെ ബുധനാഴ്ച ചെന്നൈയിൽ വച്ച് അറസ്റ്റു ചെയ്തത്.
വിവാദ പരാമര്‍ശങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോകള്‍ നീക്കം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ജഡ്ജിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേ അഴിമതി, ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ച വീഡിയോകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിൽ ചെന്നൈ സിറ്റി സൈബര്‍ പോലീസ് ജസ്റ്റിസ് കര്‍ണനെതിരേ കേസെടുക്കുകയും ചെയ്തു. അഭിഭാഷകയായ എസ്. ദേവികയുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ചില ജഡ്ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നായിരുന്നു കര്‍ണന്‍ വീഡിയോയില്‍ ആരോപിച്ചത്. വനിതാ ജീവനക്കാരുടെ പേരുകളും വെളിപെടുത്തിയിരുന്നു.
വിഡിയോ പുറത്തു വന്നതിനു പിന്നാലെ കർണനെതിരെ മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് പരാതി നൽകി. തമിഴ്നാട് ബാര്‍ കൗണ്‍സിൽ വിഡിയോക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. ഹര്‍ജി പരിഗണിച്ച കോടതി ഈ വിഡിയോകള്‍ നീക്കം ചെയ്യാനും അപകീര്‍ത്തികരമായ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് തടയാനും ഫെയ്സ്ബുക്ക്, യുട്യൂബ് അധികൃതരോട് നിര്‍ദേശിച്ചു. കര്‍ണനെതിരേ നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കുകയും ചെയ്തു.
ഹൈക്കോടതി ജഡ്ജിയായിരിക്കേ മറ്റ് ജഡ്ജിമാരില്‍നിന്ന് ജാതിവിവേചനം നേരിടേണ്ടി വന്നുവെന്ന് 2017-ല്‍ ജസ്റ്റിസ് കര്‍ണന്‍ വെളിപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.