ഇന്ത്യൻ ക്രിക്കറ്റിലെ ‘കാബൂളിവാല’ സലിം ദുറാനിക്ക് വിട
text_fieldsജാംനഗർ (ഗുജറാത്ത്): 1960കളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായിരുന്ന ‘കാബൂളിവാല’ സലിം ദുറാനി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന 88കാരൻ ഞായറാഴ്ച രാവിലെ ജാംനഗറിലെ വീട്ടിൽവെച്ചാണ് മരണപ്പെട്ടത്. അർജുന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററാണ് സലിം. പിൽക്കാലത്ത് സിനിമ താരവുമായി. 1934 ഡിസംബർ 11ന് അഫ്ഗാനിസ്താനിലെ കാബൂളിൽ ജനിച്ച സലിം ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന പിതാവ് അബ്ദുൽ അസീസ് ദുറാനിക്കൊപ്പം മൂന്നാം വയസ്സിലാണ് ഇന്ത്യയിലെത്തിയത്. അവിഭക്ത ഇന്ത്യയിലെ ടെസ്റ്റ് ക്രിക്കറ്ററായിരുന്നു. വിഭജനാനന്തരം പിതാവ് പാകിസ്താനിലേക്ക് പോയെങ്കിലും സലിം മാതാവിനൊപ്പം ഗുജറാത്തിൽ തുടർന്നു.
ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത്, മഹാരാഷ്ട്ര ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇടംകൈയൻ ബൗളറായിരുന്ന സലിം 29 ടെസ്റ്റുകൾ കളിച്ചു. 1961-1962ലെ ചരിത്രപരമായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ 2-0ന് തോൽപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് സലിം ദുറാനി ആയിരുന്നു. ഇന്ത്യക്കായി കളിച്ച 50 ഇന്നിങ്സുകളിൽ ഒരു സെഞ്ച്വറിയും ഏഴ് അർധസെഞ്ച്വറികളും നേടി. 1973ൽ നടൻ പ്രവീൺ ബാബിക്കൊപ്പം ‘ചരിത്ര’ എന്ന സിനിമയിൽ അഭിനയിച്ച സലിം ബോളിവുഡിലും ചുവടുറപ്പിച്ചു. നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.