മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. അണ്ണാമലൈ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ
text_fieldsന്യൂഡൽഹി: ഐ.പി.എസ് പദവി ഉപേക്ഷിച്ച് രാഷ്ട്രീയക്കാരനായ കെ. അണ്ണാമലൈ ബി.ജെ.പി തമിഴ്നാട് ഘടകം അധ്യക്ഷനാകും. എൽ. മുരുഗൻ കേന്ദ്ര സഹമന്ത്രിയായ ഒഴിവിലാണ് നിയമനം. തമിഴ്നാട് ബി.ജെ.പി അധ്യക്ഷ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് 37കാരനായ അണ്ണാമലൈ. പാർട്ടിയിൽ ചേർന്ന് ഒരു വർഷത്തിനുള്ളിൽ ഒരാൾ സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തുന്നതും ഇതാദ്യമായാണ്.
കാരൂർ ജില്ലയിലെ കർഷക കുടുംബത്തിൽ ജനിച്ച അണ്ണാമലൈ ഗൗണ്ടർ സമുദായാംഗമാണ്. കാരൂർ ഉൾപെടുന്ന കൊങ്ങു പ്രദേശത്ത് ബി.ജെ.പിക്ക് ശക്തമായ സാന്നിധ്യമുണ്ട്.
സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയുടെ പിന്തുണ കൂടിയുള്ള അണ്ണാമലൈ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വന്തം ജില്ലയിലെ തന്നെ അറവക്കുറിച്ചിയിൽ ഡി.എം.കെയുടെ ആർ. ഇളങ്കോയോട് 24,816 വോട്ടിനാണ് തോറ്റത്.
കോയമ്പത്തൂരിലെ പ്രശസ്തമായ കോളജിൽ നിന്നും എൻജിനിയറിങ് പാസായ അണ്ണാമലൈ ഐ.ഐ.എം ലഖ്നോവിൽ നിന്ന് എം.ബി.എ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ബി.ജെ.പിയിൽ ചേർന്ന അണ്ണാമലൈ നിലവിൽ സംസ്ഥാന വൈസ് പ്രസിഡന്‍റാണ്.
കർണാടക കേഡർ 2011 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ചികമഗളൂരു, ഉഡുപ്പി ജില്ലകളിൽ പൊലീസ് സൂപ്രണ്ടായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ബംഗളൂരു സൗത്ത് ഡെപ്യൂട്ടി പൊലീസ് കമീഷണറുമായിരുന്നു. 2019 സെപ്റ്റംബറിലാണ് പൊലീസ് കുപ്പായം ഉപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.