നെതന്യാഹുവിനെതിരെ മുൻ ഇസ്രായേൽ പ്രസിഡന്റ് യഹൂദ് ബാരക്: ‘ശക്തനാണെന്ന് കാണിക്കാൻ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്നു’
text_fieldsതെൽഅവീവ്: തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ശക്തനാണെന്ന് വരുത്തിത്തീർക്കാനും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബന്ദികളുടെ ജീവൻ അപകടത്തിലാക്കുകയാണെന്ന് ഇസ്രായേൽ മുൻ പ്രധാനമന്ത്രി യഹൂദ് ബാരക്. ‘ബന്ദി മോചന കരാർ ഒപ്പിടുന്നതിനേക്കാൾ താൻ ശക്തനാണെന്ന് കാണിക്കലാണ് നെതന്യാഹുവിന് പ്രധാനം’ -ഇസ്രയേലി ആർമി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബാരക് പറഞ്ഞു.
നെതന്യാഹു സർക്കാറിനെതിരെ വൻ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ബരാക് ഇസ്രായേലികളോട് ആഹ്വാനം ചെയ്തു. “30,000 പൗരന്മാൻ ഇസ്രായേൽ പാർലമെന്റായ നെസറ്റ് വളയണം. മൂന്നാഴ്ച ടെന്റ് കെട്ടി രാപ്പകൽ സമരം നടത്തണം. രാജ്യം മുഴുവൻ നിശ്ചലമാകുമ്പോൾ നെതന്യാഹു യാഥാർഥ്യം തിരിച്ചറിയും. തൻ്റെ സമയം അവസാനിച്ചെന്നും തന്നിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും മനസ്സിലാകും. നാലിൽ മൂന്ന് പേരും രാജിവയ്ക്കാൻ ആവശ്യപ്പെട്ടാൽ ജൂണിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും’ -ബരാക് പറഞ്ഞു.
1973 ഒക്‌ടോബർ 6ലെ യുദ്ധത്തിന് പിന്നാലെ, അന്നത്തെ പ്രധാനമന്ത്രി ഗോൾഡ മെയർ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ച കാര്യം ബരാക് ഓർമിപ്പിച്ചു. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായി ഒക്‌ടോബർ 7ന്റെ ഹമാസ് ഓപറേഷന്റെ ഉത്തരവാദിത്തം നെതന്യാഹു ഏറ്റെടുക്കാതെ സൈന്യത്തിന്റെ തലയിൽ വെച്ചുകെട്ടുകയാണെന്നും ബരാക് പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കണമെന്നും നെതന്യാഹു സർക്കാരിനെ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച തെൽഅവീവിൽ വൻ പ്രകടനം നടന്നിരുന്നു. ഇതിൽ പങ്കെടുത്ത 18 പേരെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുദ്ധം 143 ദിനം പിന്നിട്ടിട്ടും ബന്ദിമോചനത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ നെതന്യാഹു സർക്കാറിനെതിരെ ബുധനാഴ്ച മുതൽ നാലുനാൾ നീണ്ടുനിൽക്കുന്ന കൂറ്റൻ മാർച്ച് നടത്തുമെന്ന് ബന്ദികളുടെ ബന്ധുക്കൾ അറിയിച്ചിരുന്നു. ഗസ്സ അതിർത്തിയിൽനിന്ന് ആരംഭിച്ച് ജറൂസലമിൽ അവസാനിക്കും. ബന്ദികളുടെ കുടുംബങ്ങൾക്ക് പുറമേ പൊതുജനങ്ങളെയും മാർച്ചിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
നാളെ റെയിം പാർക്കിങ്ങിൽ നിന്ന് ആരംഭിച്ച് സെദറോത്തിലൂടെയാണ് മാർച്ച് കടന്നുപോകുക. നഗരത്തിലെ പൊലീസ് സ്റ്റേഷന് സമീപം പൊതുയോഗം നടക്കും. തുടർന്ന്, കിരിയാത് ഗാട്ട്, ബെയ്ത് ഗുവ്രിൻ, ബെയ്ത്ത് ഷെമേഷ് എന്നിവിടങ്ങളിലേക്ക് മാർച്ച് തുടരും. ശനിയാഴ്ച ജറുസലേമിൽ സമാപിക്കും. ബന്ദികളെ തിരിച്ചെത്തിക്കൽ ഇസ്രായേൽ ജനതയുടെ ദേശീയ ഉത്തരവാദിത്വമാണെന്ന് ഫോറം ചൂണ്ടിക്കാട്ടി.
ഒക്‌ടോബർ 7നാണ് 100ലേറെ സൈനികരടക്കം 253 ഇസ്രായേലികളെ ഹമാസ് ബന്ദികളാക്കിയത്. സൈനികരടക്കം 1,200ഓളം പേർ ഹമാസ് ആക്രമണത്തിലും ഹാനിബാൾ ഡയറക്ടീവ് പ്രകാരം ഇസ്രായേൽ സേനയുടെ ആക്രമണത്തിലും കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.