മെഹബൂബ മുഫ്തിക്ക് മൂന്നു വർഷത്തിനു ശേഷം പുതിയ പാസ്പോർട്ട്
text_fieldsശ്രീനഗർ: പി.ഡി.പി പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്ക് മൂന്നുവർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ പാസ്പോർട്ട് ലഭിച്ചു. 10 വർഷമാണ് പാസ്പോർട്ടിന്റെ കാലാവധി. 2019ലാണ് മെഹബൂബയുടെ പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചത്. അന്നുമുതൽ പാസ്പോർട്ട് പുതുക്കുന്നതിനായുള്ള പോരാട്ടത്തിലായിരുന്നു പി.ഡി.പി നേതാവ്.
അവർക്ക് പുതിയ പാസ്പോർട്ട് നൽകുന്നതിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഇക്കഴിഞ്ഞ മാർച്ചിൽ ഡൽഹി ഹൈകോടതി പാസ്പോർട്ട് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പാസ്പോർട്ട് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ അധികൃതരോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് മെഹബൂബ നൽകിയ ഹരജിയിലായിരുന്നു കോടതി ഉത്തരവ്.
പലതവണ അപേക്ഷിച്ചിട്ടും പുതിയ പാസ്പോർട്ട് നൽകുന്നതിൽ കാലതാമസമുണ്ടായെന്നും ഇതുവരെ തീരുമാനമുണ്ടായില്ലെന്നും മെഹബൂബ മുഫ്തി ഹരജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം മെഹ്ബൂബയുടെ അപ്പീലിൽ മാർച്ച് രണ്ടിന് ഉത്തരവ് പുറപ്പെടുവിച്ചതായും വിഷയം വീണ്ടും പരിഗണിക്കുന്നതിനായി ജമ്മു കശ്മീരിലെ പാസ്‌പോർട്ട് ഓഫിസർക്ക് അയച്ചതായും കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
80 വയസ്സുള്ള മാതാവിനെ ഹജ്ജിന് കൊണ്ടുപോകാനായി മൂന്ന് വർഷമായി കാത്തിരിക്കുകയാണെന്നും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും മെഹ്ബൂബ കത്തെഴുതിയിരുന്നു. പാസ്പോർട്ട് നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് ജമ്മു കശ്മീർ സി.ഐ.ഡി റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്ന് പാസ്‌പോർട്ട് പുതുക്കുന്നത് തീർപ്പുകൽപ്പിക്കാതെ തുടരുകയാണെന്നും കത്തിൽ അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.