നൂപുർ ശർമയെ സുപ്രീംകോടതി വിമർശിച്ചതിനെതിരെ മുൻ ജഡ്ജിമാരടങ്ങുന്ന സംഘം
text_fieldsന്യൂഡൽഹി: പ്രവാചകനിന്ദ നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചതിനെതിരെ മുൻ ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരും പ്രസ്താവനയുമായി രംഗത്ത്. നിർഭാഗ്യകരമായ ഇത്തരം അഭിപ്രായപ്രകടനങ്ങൾ നിയമപരമായ ധാർമികതയുമായി പൊരുത്തപ്പെടുന്നില്ലെന്നും രാജ്യത്തും പുറത്തും വിപരീത തരംഗം സൃഷ്ടിച്ചതായും അവർ ആരോപിച്ചു. കോടതിയുടെ പരാമർശം ഇന്ത്യൻ ജനാധിപത്യത്തിന് തീരാക്കളങ്കമായി നിലനിൽക്കും. ഇത് പിൻവലിക്കാൻ കോടതി അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
15 ഹൈകോടതി ജഡ്ജിമാർ, അഖിലേന്ത്യ സർവിസിലെ 77 മുൻ ഉദ്യോഗസ്ഥർ, 25 വിമുക്തഭടന്മാർ എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
ബോംബെ ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് ക്ഷിതിജ് വ്യാസ്, കേരള ഹൈകോടതി മുൻ ജഡ്ജി പി.എൻ. രവീന്ദ്രൻ, ഗുജറാത്ത് ഹൈകോടതി മുൻ ജഡ്ജി എസ്.എം. സോണി, രാജസ്ഥാൻ ഹൈകോടതി മുൻ ജഡ്ജിമാരായ ആർ.എസ്. രാതോർ, പ്രശാന്ത് അഗർവാൾ, ഡൽഹി ഹൈകോടതി മുൻ ജഡ്ജി എസ്.എൻ. ദിൻഗ്ര, മുൻ ഐ.എ.എസ് ഓഫിസർ ആനന്ദ് ബോസ്, മുൻ അംബാസഡർ നിരഞ്ജൻ ദേശായി, റിട്ട. ലഫ്റ്റനന്റ് ജനറൽ വി.കെ. ചതുർവേദി, മുൻ എയർമാർഷൽ എസ്.പി. സിങ് എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ച പ്രമുഖർ.ജൂലൈ ഒന്നിനാണ് നൂപുർ ശർമക്കെതിരെ ജസ്റ്റിസ് ജെ.ബി. പർദിവാല ഉൾപ്പെടുന്ന സുപ്രീംകോടതി ബെഞ്ച് രൂക്ഷവിമർശനം നടത്തിയത്. നൂപുർ ശർമയുടെ വിടുവായത്തംമൂലം രാജ്യം ഒന്നടങ്കം കത്തുകയാണെന്നും രാജ്യത്തുണ്ടായ അനിഷ്ടസംഭവങ്ങൾക്ക് ഉത്തരവാദി അവർ മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
റിട്ട. ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ അപേക്ഷ
ന്യൂഡൽഹി: പ്രവാചകനെ നിന്ദിച്ചതിന് ബി.ജെ.പി വക്താവ് നൂപുർ ശർമയെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ജഡ്ജിമാരെ വിമർശിച്ച റിട്ട. ഹൈകോടതി ജഡ്ജിക്കും രണ്ട് അഭിഭാഷകർക്കുമെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി.
റിട്ട. ഹൈകോടതി ജഡ്ജി എസ്.എൻ ധിംഗ്ര, അഭിഭാഷകരായ അമൻ ലേഖി, രമ കുമാർ എന്നിവർക്കെതിരെ അഡ്വ. ജയ സുകിൻ ആണ് കോടതിയലക്ഷ്യത്തിന് അനുമതി തേടി അറ്റോണി ജനറലിന് കത്തയച്ചത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്കും രാജ്യത്തിനും അപരിഹാര്യമായ പരിക്കേൽപിച്ച വിമർശനമാണ് ഇന്ത്യ ടി.വിയിൽ ജസ്റ്റിസ് ധിംഗ്ര നടത്തിയതെന്നും വെർഡിക്ടം എന്ന നിയമ പോർട്ടലിലാണ് രണ്ട് അഭിഭാഷകർ മോശം പരാമർശം നടത്തിയതെന്നും കത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.