മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു; ഞെട്ടൽ മാറാതെ ബി.ജെ.പി
text_fieldsബംഗളൂരു: ബി.ജെ.പി വിട്ട മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. പി.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ജഗദീഷ് ഷെട്ടാറിനെ സ്വീകരിക്കുകയും ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കോൺഗ്രസ് പതാക കൈമാറുകയും ചെയ്തു. സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ ഷെട്ടാർ മത്സരിക്കും.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബി.ജെ.പിക്ക് കനത്ത പ്രഹരം നൽകിയാണ് ജഗദീഷ് ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശനം. ആറു തവണ എം.എൽ.എയായ 67 കാരനായ ഷെട്ടാർ, ബി.ജെ.പിയുമായി മൂന്നു ദശാബ്ദക്കാലമായുള്ള ബന്ധമാണ് ഉപേക്ഷിച്ചത്. ഞായറാഴ്ച എം.എൽ.എ പദവിയും ബി.ജെ.പി അംഗത്വവും രാജിവെച്ച ഷെട്ടാറിനെ കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.
രണ്ടാം പട്ടികയിലും തന്നെ തഴഞ്ഞതോടെ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി ഷെട്ടാർ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സീറ്റ് നൽകില്ലെന്ന് വ്യക്തമാക്കിയ നേതൃത്വം പകരം, കുടുംബത്തിൽ നിന്ന് ഒരംഗത്തെ സീറ്റിലേക്ക് നിർദേശിക്കാൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി സ്ഥാനം അടക്കമുള്ള പദവികളും വാഗ്ദാനം ചെയ്തു.
സിറ്റിങ് മണ്ഡലമായ ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ സീറ്റ് നൽകണമെന്നും അല്ലെങ്കിൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്നും നിലപാട് കടുപ്പിച്ച ഷെട്ടാറിനെ അനുനയിപ്പിക്കാൻ കർണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബി.എസ്. യെദിയൂരപ്പ എന്നിവർ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.