രാംനാഥിനെ എതിരിടാൻ മീര കുമാർ; വോട്ടെടുപ്പ് ജൂലൈ 17ന്
text_fieldsന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പൊതു സ്ഥാനാർഥിയായി ലോക്സഭാ മുൻ സ്പീക്കർ മീര കുമാറിനെ പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ചു. ഡൽഹിയിലെ പാർലമെന്‍റ് ഹൗസിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ 17 പാർട്ടികളുടെ പ്രതിനിധികളാണ് യോഗം ചേർന്നത്. മുൻ ബിഹാർ ഗവർണർ രാംനാഥ് കോവിന്ദാണ് എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി. ജൂലൈ 17നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.
മുൻ ഉപ പ്രധാനമന്ത്രിയും പ്രമുഖ ദലിത് നേതാവുമായിരുന്ന ബാബു ജഗ്ജീവൻ റാമിന്‍റെയും സ്വാതന്ത്ര്യ സമരസേനാനി ഇന്ദ്രാണി ദേവിയുടെയും മകളാണ് പതിനഞ്ചാം ലോക്സഭയുടെ സ്പീക്കറായിരുന്ന മീര കുമാർ. രാജ്യത്തെ ആദ്യ വനിതാ സ്പീക്കറായ ദലിത് വനിത കൂടിയാണ് മീര. 1945 മാർച്ച് 31ന് പാറ്റ്നയിൽ ജനിച്ച മീര കുമാർ ഡൽഹി സർവകലാശാലയിൽ നിന്ന് എം.എ, എൽ.എൽ.ബി ബിരുദങ്ങൾ നേടി.
1973ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന മീര സ്പെയിൻ, യു.കെ, മൗറീഷ്യസ് എന്നീ എംബസികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1976-77 കാലഘട്ടത്തിൽ മാഡ്രിഡിലെ ഇന്ത്യൻ എംബസിയിലും 1977-79 കാലഘട്ടത്തിൽ ലണ്ടനിലെ ഹൈക്കമീഷനിലും ജോലി ചെയ്തു. ഇന്തോ-മൗറീഷ്യസ് ജോയിന്‍റ് കമീഷനിലും അംഗം, 1980 മുതൽ 85 വരെ വിദേശകാര്യ മന്ത്രാലയത്തിൽ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. വിദേശമന്ത്രാലയത്തിലെ സേനവത്തിനു ശേഷം കോൺഗ്രസിൽ ചേർന്ന മീര കുമാർ, 1990-92, 1996-99 കാലയളവുകളിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയും 1990-2000, 2002-04 കാലയളവുകളിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.
1985ൽ ബിഹാറിലെ ബിജ്നോറിൽ നിന്ന് എട്ടാം ലോക്‌സഭയിലേക്ക് കന്നി വിജയം നേടി. പിന്നീട് 1996, 1998 വർഷങ്ങളിൽ ഡൽഹി കരോൾ ബാഗ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1999ലെ പതിമൂന്നാം ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിഹാറിലെ സസാറാം മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ, 2004ൽ പതിനാലാം ലോക്‌സഭയിലും 2009-ൽ പതിനഞ്ചാം ലോക്‌സഭയിലും ഇതേ മണ്ഡലത്തിൽ നിന്ന് എം.പിയായി വിജയിച്ചു.
1996-98 കാലയളവിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, ഹോം അഫയേഴ്സ് കമ്മിറ്റി, സ്ത്രീശാക്തീകരണത്തിനുള്ള സമിതി, 1998 മുതൽ 99 വരെ ഭക്ഷ്യ-ഉപഭോക്തൃകാര്യ സമിതി, പരിസ്ഥി-വന സമിതി എന്നിവകളിൽ അംഗമായി.
2004 മുതൽ മൻമോഹൻ സിങ് സർക്കാരിൽ സാമൂഹ്യനീതിന്യായ വകുപ്പ് സഹമന്ത്രിയായിരുന്നു. 2009ലെ മൻമോഹൻ സർക്കാരിൽ ജലവിഭവമന്ത്രിയായിരുന്നെങ്കിലും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതിനെ തുടർന്ന് 2009 മേയ് 31-ന് രാജിവെച്ചു. 1968 നവംബർ 29ന് സുപ്രീംകോടതി അഭിഭാഷകനായ മഞ്ജുൾ കുമാറിനെ വിവാഹം കഴിച്ചു. അൻഷുൽ, സ്വാതി, ദേവാംഗന എന്നിവർ മക്കളാണ്.
എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാൻ ജെ.ഡി.യുവും അണ്ണാ ഡി.എം.കെ ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം, ഡി.എം.കെ പ്രതിപക്ഷ സ്ഥാനാർഥിെയ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് മഹാസഖ്യമുണ്ടാക്കി ബിഹാറിൽ വീണ്ടും അധികാരത്തിേലറിയ നിതീഷ്കുമാർ പ്രതിപക്ഷ കക്ഷികൾ സ്ഥാനാർഥി നിർണയം സംബന്ധിച്ച് യോഗം ചേരാനിരിെക്കയാണ് കൂറുമാറിയത്. എന്നാൽ, നിതീഷ് കുമാറിന്റെ നിലപാടിനെതിരെ ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. നിതീഷിെൻറ തീരുമാനം അംഗീകരിക്കില്ലെന്ന വ്യക്തമാക്കിയ ജനതാദൾ -യു കേരളഘടകം പ്രതിപക്ഷ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.