സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ എം.പിയും ബി.ജെ.പി നേതാവുമായ നിലേഷ് റാണെ
text_fieldsമുംബൈ: രത്നഗിരി-സിന്ധുദുർഗ് മണ്ഡലത്തിലെ മുൻ എം.പിയും ബി.ജെ.പി നേതാവുമായ നിലേഷ് റാണെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 'ഇനി രാഷ്ട്രീയത്തിൽ താൽപ്പര്യമില്ലാത്തതിനാൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് സ്ഥിരമായി മാറിനിൽക്കുകയാണെന്ന്' റാണെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും മനപ്പൂർവമല്ലാതെ വിഷമിപ്പിച്ചവരോട് മാപ്പ് ചോദിക്കുന്നുവെന്നും റാണെ പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തനിക്കൊപ്പം നിന്നതിന് ബി.ജെ.പിയോടും അനുയായികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
"കഴിഞ്ഞ 19/20 വർഷത്തിനിടയിൽ എനിക്ക് ഇത്രയധികം സ്നേഹം നൽകിയ നിങ്ങളോട് ഞാൻ വളരെ നന്ദിയുള്ളവനാണ്, ഒരു കാരണവുമില്ലാതെ എന്നോടൊപ്പം ചേർന്നതിന്, ബി.ജെ.പിയിൽ ഇത്രയധികം സ്നേഹം ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവാനാണ് "- റാണെ കുറിച്ചു.
കേന്ദ്ര കാബിനറ്റ് മന്ത്രി നാരായൺ റാണെയുടെ മൂത്ത മകനാണ് നിലേഷ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) അംഗമായി മഹാരാഷ്ട്രയിലെ രത്‌നഗിരി-സിന്ധുദുർഗ് നിയോജകമണ്ഡലത്തിൽ നിന്ന് ഇന്ത്യയുടെ പതിനഞ്ചാം ലോക്‌സഭയിലേക്ക് നീലേഷ് റാണെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
15-ാം ലോക്‌സഭയുടെ ഭാഗമായി, ആഭ്യന്തരകാര്യ സമിതിയിലും റൂൾസ് കമ്മിറ്റിയിലും പ്രവർത്തിച്ചു. പതിനാറാം ലോക്‌സഭയിലേക്ക് ഇതേ മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ചെങ്കിലും ശിവസേനയുടെ സ്ഥാനാർത്ഥി വിനായക് റൗട്ടിനോട് പരാജയപ്പെട്ടു. പിന്നീട് നിലേഷ് റാണെ ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.